കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ നാളെ മുതൽ അഞ്ചാം തീയതിവരെ കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേള (ആർ.ഐ.എഫ്.എഫ്.കെ) സംഘടിപ്പിക്കും. രാവിലെ 9ന് സരിത തിയേറ്ററിൽ നടക്കുന്ന പരിപാടി നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരൻ എൻ.എസ്. മാധവൻ മുഖ്യാതിഥിയാകും. ടി.ജെ വിനോദ് എം.എൽ.എ ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയർ എം. അനിൽകുമാർ ഫെസ്റ്റിവൽ ബുള്ളറ്റിനിന്റെ പ്രകാശനം നിർവഹിക്കും. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, സംഘാടക സമിതി ചെയർമാൻ ജോഷി എന്നിവർ പങ്കെടുക്കും. സിംഗപ്പൂർ, ബംഗ്ളാദേശ്, ഖത്തർ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ’രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.
മേളയുടെ ഭാഗമായി ആദ്യകാല പ്രസ് ഫേട്ടോഗ്രാഫറും ചെമ്മീനിന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദർശനം, മലയാള സിനിമയുടെ ടൈറ്റിൽ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റൽ പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ സെമിനാറുകൾ, സിംപോസിയം, ഓപ്പൺ ഫോറം എന്നിവയുമുണ്ടാവും.
ആർ.ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. പൊതുവിഭാഗത്തിന് 500 രൂപയും വിദ്യാർത്ഥി വിഭാഗത്തിന് 250 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. സിനിമാ രംഗത്ത് അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവർത്തിക്കുന്നവർക്ക് വിദ്യാർത്ഥികളുടെ അതേ നിരക്കിൽ ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റർ ചെയ്യാം.