കഞ്ഞിക്കുഴി : ചൊരിമണലിൽ സൂര്യകാന്തിവിപ്ലവമൊരുക്കിയ വ്യത്യസ്തനായ യുവകർഷകന് പുരസ്കാരത്തിളക്കം. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം കഞ്ഞിക്കുഴിയിലെ എസ്.പി. സുജിത്ത് സ്വാമി നികർത്തലിന് അർഹതയ്ക്കുള്ള അംഗീകാരമായി. കൃഷിയിൽ സുജിത്ത് ഏറ്റെടുത്തു നടപ്പാക്കുന്ന വ്യത്യസ്തമായ പദ്ധതികളാണ് അവാർഡിന് അർഹനാക്കിയത്. 2014-ൽ സംസ്ഥാനത്തെ മികച്ച യുവകർഷകനുള്ള പുരസ്കാരവും നേടിയിരുന്നു.
കഴിഞ്ഞവർഷം കഞ്ഞിക്കുഴി കുമാരപുരത്ത് സുജിത്ത് നെൽക്കൃഷി കഴിഞ്ഞ പാടത്ത് സൂര്യകാന്തിക്കൃഷി ചെയ്തപ്പോൾ കാണാൻ പതിനായിരങ്ങളാണ് എത്തിയത്. തണ്ണീർമുക്കത്ത് കായലിൽ പോളപ്പായലിനു പുറത്ത് ചലിക്കുന്ന പൂന്തോട്ടം ഒരുക്കിയത് ടൂറിസംമേഖലയിലെ ചർച്ചാവിഷയമായി. ചൊരിമണലിൽ ഉള്ളിക്കൃഷി നടത്തിയും വിജയംകണ്ടു. പിന്നീട് ഈ പദ്ധതി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു. പുഷ്പോത്സവത്തിലൂടെ പച്ചക്കറികളും പൂക്കളും പ്രദർശിപ്പിച്ച് അധികവരുമാനം ഉണ്ടാക്കുന്ന സുജിത്ത്, സ്വന്തം കാർഷിക ഉത്പന്നങ്ങളിൽ ബാർകോഡ് പതിച്ചാണ് വിൽക്കുന്നത്.
കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ എന്നിവിടങ്ങളിലായി 20 ഏക്കറിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. ദിവസവും വിളവെടുപ്പു ലക്ഷ്യമാക്കിയാണ് കൃഷിരീതി. അമ്മ ലീലാമണിയും ഭാര്യ അഞ്ജുവും മകൾ കാർത്തികയുമടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി സുജിത്തിനൊപ്പമുണ്ട്.