തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞടുപ്പ് കഴിഞ്ഞതോടെ ജനങ്ങളെ കേന്ദ്രം ദ്രോഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാർ ബസ് ഓട്ടോ ചാർജ് കൂട്ടിയതിൽ അപാകതയുണ്ടെന്നും ഇന്ധനത്തിന് സബ്സിഡി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യനയത്തിൽ കൂടിയാലോചന ഉണ്ടായില്ലെന്ന് പരാതിപ്പെട്ട അദ്ദേഹം, സർക്കാർ തീരുമാനം അഴിമതി നടത്താനാണെന്നും വിമർശിച്ചു. സംസ്ഥാനത്ത് ബ്രൂവറി കൊണ്ടുവരാനാണ് ശ്രമം. വ്യാപകമായി മദ്യഷോപ്പ് തുടങ്ങുന്നു. തുടർഭരണം കിട്ടിയതിൻറെ അഹങ്കാരമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വിഡി വായിച്ച് മാധ്യമങ്ങളെ കേൾപ്പിച്ച പ്രതിപക്ഷ നേതാവ് സർക്കാർ ശ്രമം അഴിമതി നടത്തി പണമുണ്ടാക്കാനുള്ള ശ്രമമാണെന്ന് കുറ്റപ്പെടുത്തി.
ബസ്ചാർജ് കൂട്ടിയത് രണ്ടര കിലോമീറ്ററിനാണ്. ബസ് ചാർജുമായി ബന്ധപ്പെട്ട് ഫെയർ സ്റ്റേജിൽ അപാകതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ പഠിക്കാതെയാണ് വില കൂട്ടിയത്. അധികം കിട്ടിയ നികുതി ഇന്ധനത്തിന് സബ്സിഡിയായി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പൻ തന്നോട് യാതൊരു പരാതിയും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. തന്നോടാണ് പരാതി പറയേണ്ടത്. ഇത്തരം വിഷയങ്ങൾ പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. പരാതിയുണ്ടെങ്കിൽ പരിഹരിക്കും. ആർഎസ്പിയുടെ പ്രശ്നം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.