തിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണിയുമായി യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്നിട്ടും പ്രധാന പരിപാടികളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാലാ എംഎൽഎയും നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ സി കെ) നേതാവുമായ മാണി സി കാപ്പൻ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പൻ, മുന്നണിയിലെ നിലവിലെ സ്ഥിതിയിൽ തങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തിരികെ എൻസിപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി കാപ്പൻ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്നണിയെക്കുറിച്ചുള്ള പുതിയ വിമർശനങ്ങൾ.
വിഷയം പല തവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അറിയിച്ചിട്ടും ഒരു നടപടിയും കൊക്കൊള്ളാൻ തയ്യാറായില്ലെന്നും എന്നാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കാര്യങ്ങൾ നല്ല നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിൽ അസ്വസ്ഥതകളുണ്ടെന്ന് പറയുമ്പോഴും ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന വാദം മാണി സി കാപ്പൻ ആവർത്തിക്കുന്നുണ്ട്.
എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും കാപ്പനും മുംബൈയിൽ കൂടിക്കാഴ്ച നടത്തിയതോടെയാണ് കാപ്പൻ എൽഡിഎഫിലേക്ക് തിരികെ എത്തിയേക്കുമെന്ന വാർത്ത പുറത്ത് വന്നത്. എൽഡിഎഫിൽ തിരികെയെത്തിയാൽ കാപ്പന് പവാർ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും പ്രചാരണമുണ്ടായി. ഇതോടെയാണ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമായ കാര്യമാണെന്നും എൽഡിഎഫിലേക്ക് തിരികെപ്പോകില്ലെന്നും വിശദീകരിച്ച് കാപ്പൻ തന്നെ രംഗത്തെത്തിയത്.