ഏറ്റവും പഴക്കമുള്ളതും ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ളതുമായ നക്ഷത്രം കണ്ടെത്തി നാസ. നാസയുടെ ഹബിൾ സ്പേസ് ടെലിസ്കോപ് ആണ് 12.9 ബില്ല്യൺ പ്രകാശവർഷം അകലെയുള്ള നക്ഷത്രം കണ്ടെത്തിയത്. ലോകത്തിനു ജനനം നൽകിയ മഹാ സ്ഫോടനത്തിനു (ബിഗ് ബാംഗിനു) 900 മില്ല്യൺ വർഷങ്ങൾക്ക് ശേഷമാണ് നക്ഷത്രം പിറവിയെടുത്തത്. ഇന്നത്തെ സ്ഥിതി പരിഗണിക്കുമ്പോൾ അന്ന് ലോകത്തിൻ്റെ പ്രായം വെറും 7 ശതമാനമായിരുന്നു. ഹബിൾ ടെലസ്കോപിൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നക്ഷത്രത്തിൻ്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘ഇയറെൻഡെൽ’ എന്നാണ് നക്ഷത്രത്തിന് നൽകിയിരിക്കുന്ന പേര്. സൂര്യനെക്കാൾ 50 ഇരട്ടി മാസ് ഈ നക്ഷത്രത്തിനുണ്ട്.