തിരുവനന്തപുരം: സിനിമാ-സീരിയല്‍ താരം സോണിയ ഇനി മുന്‍സിഫ് മജിസ്ട്രേറ്റ്. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് താരത്തിന് മുന്‍സിഫ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചത്.കാര്യവട്ടം ക്യാമ്പസിലെ എൽ.എൽ.എം വിദ്യാർഥിയായിരുന്നു സോണിയ. ഡിഗ്രിയും പി.ജിയും ഫസ്റ്റ് ക്ലാസോടെ ആയിരുന്നു താരം പാസായത്. എൽ.എൽ.എം പൂർത്തിയാക്കിയ ശേഷമാണ് വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചത്.
ടെലിവിഷന്‍ അവതാരകയായാണ് സോണിയ മലയാളികൾക്ക് ആദ്യം പരിചിതയായത്. പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി. വിനയന്‍റെ ‘അത്ഭുതദ്വീപ്’ എന്ന സിനിമയില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായി അഭിനയിച്ചത് സോണിയയാണ്. ലോകനാഥൻ ഐ.എ.എസ്, മൈ ബോസ് തുടങ്ങിയ സിനിമകളിലും പ്രധാന വേഷം ചെയ്തു. ‘കുഞ്ഞാലി മരയ്ക്കാര്‍’, ‘മംഗല്യപ്പട്ട്’, ‘ദേവീ മാഹാത്മ്യം’ എന്നിവയാണ് സോണിയ വേഷമിട്ട പ്രധാന സീരിയലുകള്‍. ഇതുകൂടാതെ അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തെരഞ്ഞെടുപ്പിലൂടെയാണ് സംഘടനയുടെ നേതൃനിരയിലെത്തിയത്. ബിസിനസ്സുകാരനായ ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവാണ്.