തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പത്ത് വയസുകാരന് ക്രൂര മര്‍ദ്ദനം. വീട്ടിലെ ഡ്രൈവറാണ് നാല് മാസത്തോളമായി ശാരീരികമായി ഉപദ്രവിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകി. കേസില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി വിപിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ 18ന് കുട്ടി ശാരീരിക ബുദ്ധിമുട്ട് പറഞ്ഞപ്പോഴാണ് അടിക്കുന്ന കാര്യം അച്ഛനും അമ്മയും അറിയുന്നത്. തുടർന്ന് ചോദിച്ചപ്പോഴാണ് വീട്ടിലെ ഡ്രൈവർ നാല് മാസമായി മർദ്ദിക്കുന്ന കാര്യം കുട്ടി പറയുന്നത്. ഡോക്ടര്‍മാര്‍ പരിശോധിച്ചതോടെ കുട്ടിയുടെ ശരീരത്തില്‍ കൂടുതല്‍ ക്ഷതങ്ങള്‍ കണ്ടെത്തി. പേടി കാരണമാണ് കാര്യം പുറത്ത് പറയാതിരുന്നതെന്ന് മർദ്ദനത്തിനിരയായ കുട്ടി പറയുന്നു.
വിപിന്റെ കുടുംബത്തില്‍ എല്ലാവരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഈ അവസ്ഥയിലുള്ള സഹതാപം കൊണ്ടു കൂടിയാണ് വിപിനെ ഈ വീട്ടില്‍ ഡ്രൈവറായി ജോലിക്കെടുത്തതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. രണ്ടാഴ്ച മുമ്പ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കി. പതിനാല് ദിവസത്തിന് ശേഷമാണ് ഡ്രൈവറായ വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാണ് പൊലീസ് ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. എന്നാൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മർദ്ദനത്തിനും ഭീഷണിപ്പെടുത്തലുമാണ് കേസ് എടുത്തതെന്ന് വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു.