തിരുവനന്തപുരം : ബസ്, ഓട്ടോ, ടാക്സി നിരക്കു വർധന മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടും. ഇതിനു മുൻപ് നിരക്കു വർധിപ്പിച്ചപ്പോഴെല്ലാം മന്ത്രിസഭ പരിശോധിച്ച ശേഷമാണ് നടപ്പാക്കിയിട്ടുള്ളത്. അതുകൊണ്ടാണു വർധനയുടെ തോത് സംബന്ധിച്ച് തീരുമാനമായെങ്കിലും മന്ത്രിസഭ പരിഗണിച്ച ശേഷം ഉത്തരവിറക്കിയാൽ മതിയെന്നു തീരുമാനിച്ചത്. തിങ്കളാഴ്ച ഓൺലൈനായാണ് ഇനി മന്ത്രിസഭായോഗം.
ഓട്ടോറിക്ഷകൾക്ക് മിനിമം നിരക്ക് 2 കിലോമീറ്ററിനു 30 രൂപയെന്നാണ് നിശ്ചയിച്ചതെങ്കിലും ഇതു നഷ്ടമാണെന്ന് സംഘടനകളുടെ പ്രതിനിധികൾ പരാതി പറഞ്ഞതിനാൽ 1.5 കി.മീ. ദൂരത്തിനു 30 രൂപ എന്നാക്കും. വിദ്യാർഥികളുടെ നിരക്കിൽ നിലവിലുള്ള രീതി വച്ചു തന്നെയായിരിക്കും ഉത്തരവിറങ്ങുക. വിദഗ്ധ സമിതിയുടെ ശുപാർശ കൂടി പരിഗണിച്ച ശേഷം വരുത്തുന്ന മാറ്റം പിന്നീട് ഉത്തരവായി ഇറക്കും.