മുംബൈ : ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വെസ്റ്റ് ഇൻഡീസ് താരം ഡ്വെയിൻ ബ്രാവോ. മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരവും രാജസ്ഥാൻ റോയൽസിൻ്റെ പേസ് ബൗളിംഗ് പരിശീലകനുമായ ലസിത് മലിംഗയെ മറികടന്നാണ് ബ്രാവോ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത് എത്തിയത്.
171 വിക്കറ്റുകളാണ് നിലവിൽ ബ്രാവോയ്ക്ക് ഉള്ളത്. മലിംഗയ്ക്ക് 170 വിക്കറ്റുകളുണ്ട്. ഇന്നലെ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ദീപക് ഹൂഡയെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചാണ് ബ്രാവോ ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ 4 ഓവർ എറിഞ്ഞ് 35 റൺസ് വഴങ്ങി ബ്രാവോ ഒരു വിക്കറ്റ് വീഴ്ത്തി. ആകെ 153 ഐപിഎൽ മത്സരങ്ങളാണ് ബ്രാവോ കളിച്ചിട്ടുള്ളത്.
മത്സരത്തിൽ ലക്നൗ ആവേശ ജയം കുറിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ സൂപ്പർ ജയൻറ്സ് മറികടന്നു. ഫിഫ്റ്റികൾ നേടിയ ക്വിന്റൺ ഡികോക്ക്, എവിൻ ലൂയിസ് എന്നിവരാണ് ലക്നൗവിൻ്റെ വിജയശില്പികൾ. സീസണിൽ ലക്നൗവിന്റെ ആദ്യ ജയമാണിത്.