പുണെ: പുള്ളിപ്പുലിയുടെ പിടിയില്‍നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച് താരമായി മുപ്പതുകാരിയായ സഞ്ജന പവാഡെ. കഴിഞ്ഞ ദിവസം രാത്രി അഹമ്മദ്നഗര്‍ ജില്ലയിലെ പാര്‍നര്‍ താലൂക്കിലുള്ള ദാരോഡി ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങള്‍ ഉറക്കമായ സമയത്ത് സഞ്ജന വീടിനുപുറത്ത് പുള്ളിപ്പുലിയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന്, ഭര്‍ത്താവ് ഗോരഖ് ദശരഥ് പവാഡെയെ വിളിച്ചുണര്‍ത്തി. പരിശോധിക്കാന്‍പോയ ഭര്‍ത്താവിനെ പുള്ളിപ്പുലി ആക്രമിച്ചു.
പുള്ളിപ്പുലി ഭര്‍ത്താവിന്റെ മുതുകില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സഞ്ജന ഓടിയെത്തി വാലില്‍പിടിച്ച് പിന്നിലേക്ക് വലിക്കാന്‍ ശ്രമിച്ചു. പുലിയുടെ പിടിയില്‍നിന്ന് ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്തൃപിതാവും അവരുടെ വളര്‍ത്തുനായയും അവിടെയെത്തി. ഗോരഖിന്റെ പിതാവ് പുള്ളിപ്പുലിയെ വടികളും ഗ്രാനൈറ്റ് ടൈലുകളും ഉപയോഗിച്ച് അടിക്കാന്‍ തുടങ്ങി, നായയും പുലിയെ ആക്രമിച്ചു. തുടര്‍ന്ന്, പുള്ളിപ്പുലിക്ക് ഗോരഖിന്റെ മേലുള്ള പിടി നഷ്ടപ്പെട്ടുകയും ഓടിപ്പോവുകയുമായിരുന്നു.
പുലിയുടെ ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയശേഷം ഡിസ്ചാര്‍ജ് ചെയ്തു. ‘ഭയാനകമായ സാഹചര്യമായിരുന്നു. പുള്ളിപ്പുലി എന്റെ ഭര്‍ത്താവിനെ ആക്രമിക്കുന്നതുകണ്ടപ്പോള്‍ ഞാന്‍ ശക്തിയും ധൈര്യവും സംഭരിച്ചു, പുലിയുടെ വാലില്‍ പിടിച്ച് പിന്നിലേക്ക് വലിക്കാന്‍ ശ്രമിച്ചു’ -സഞ്ജന പറഞ്ഞു.