തിരുവനന്തപുരം : ഐഎന്‍ടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞതെന്നും ഒറ്റയ്‌ക്കെടുത്ത അഭിപ്രായമല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ചങ്ങനാശ്ശേരി പ്രകടനത്തിന് പിന്നിൽ കുത്തിത്തിരുപ്പ് സംഘമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രശ്നം ഉണ്ടാക്കാൻ കാത്തിരിക്കുന്നവരാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎൻടിയുസിക്കുള്ളത്. കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎൻടിയുസി എന്നതിൽ തർക്കമില്ല. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ട്. ഐഎൻടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ഐഎൻടിയുസിയുടെ പരസ്യ പ്രകടനത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താനല്ല ആ വിഷയത്തിൽ പാർട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാപ്പനുമായി ഉണ്ടായത് കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണെന്നും സതീശൻ പറഞ്ഞു. മാണി സി കാപ്പനുമായി ഫോണിൽ സംസാരിച്ചു. അടുത്ത ദിവസം തിരുവനന്തപുരത്ത് വച്ച് നേരിൽകണ്ട് സംസാരിക്കും. യുഡിഎഫ് ഒറ്റ ടീമായി പ്രവർത്തിക്കുകയാണ്. അക്രമ സമരത്തെ ഇനിയും അപലപിക്കും. കെ റെയിൽ വിരുദ്ധ പരിപാടിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് വിട്ട് നിന്നതിന്റെ കാര്യമറിയില്ല. അതൊക്കെ പാർട്ടി സംവിധാനം പരിശോധിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.