കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഇരുവർക്കും ഇന്ന് നോട്ടീസ് നൽകിയേക്കും. മുഖ്യപ്രതി പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറിൽ പൾസർ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുള്ളത്. കാർ എപ്പോൾ ആവശ്യപ്പെട്ടാലും കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് അന്വേഷണ സംഘം കത്ത് നൽകും. സാങ്കേതിക തകരാർ ഉള്ള കാർ ദിലീപിന്‍റെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ ആണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിന്‍റെ കാർ അന്വേഷണം സംഘം കസ്റ്റഡിയിൽ എടുത്തത്. 2016 ഡിസംബർ 26 ന് താൻ ദിലീപിനെ കാണാൻ പോയപ്പോൾ പൾസർ സുനി ദിലീപിന്‍റെ ആലുവയിലെ പത്മസരോവരം വീട്ടിലുണ്ടായിരുന്നു. വീട്ടിൽ നിന്ന് ദിലീപിന്‍റെ കാറിൽ മടങ്ങുമ്പോള്‍ സുനിയെ ദിലീപ് തനിക്കൊപ്പം കാറിൽ കയറ്റിവിട്ടു. ദിലീപിന്‍റെ സഹോദരൻ അനൂപും കാറിലുണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി. 2007 ൽ ദിലീപ് വാങ്ങിയതാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത ചുവന്ന മാരുതി സ്വിഫ്റ്റ് കാർ. നടി ആക്രമിക്കപ്പെടുന്നതിന് മുന്പ് തന്നെ മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് പരിചയം ഉണ്ടെന്നതിനുള്ള തെളിവായിട്ടാണ് കാറിനെ പോലീസ് കാണുന്നത്.
ഇതിനിടെ ജയിലിൽ നിന്ന് ദിലീപിനായി സുനി അയച്ച കത്തിന്‍റെ ഒറിജിനലും അന്വേഷണ സംഘം കണ്ടെത്തി. പൾസർ സുനി ദിലീപിനയച്ച കത്തിന്‍റെ ഒറിജിനിൽ സുനിയുടെ സഹതടവുകാരനായിരുന്ന കുന്ദംകുളം സ്വദേശി സജിത്തിന്‍റെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. കത്തിന്‍റെ പകർപ്പ് സുനിയുടെ അമ്മ പുറത്ത് വിട്ടിരുന്നെങ്കിലും ഒറിജിനൽ കണ്ടെത്താനായിരുന്നില്ല. ചെയ്ത തെറ്റ് കോടതിയിൽ ഏറ്റ് പറഞ്ഞ് മാപ്പിരക്കുമെന്നാണ് 2018 മെയ് 7ന് അയച്ച കത്തിലുള്ളത്. കത്തിന്‍റെ ആധികാരികത ഉറപ്പിക്കാൻ അന്വേഷണ സംഘം ജയിലിലെത്തി സുനിയുടെ കയ്യക്ഷര സാമ്പിള്‍ ശേഖരിച്ചു. ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. കത്തും കാറും നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവുകളാകും.