കൊച്ചി : പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൽ നിന്നും പണം വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊച്ചി മെട്രോ സ്റ്റേഷൻ സിഐ അനന്ത ലാലിനെയാണ് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്. വിവാദ തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായത്. കൊച്ചി മെട്രോ ഇൻസ്പെക്ടർ അനന്തലാൽ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ എബി വിപിൻ ഒന്നേ മുക്കാൽ ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. മോൻസന്റെ തട്ടിപ്പ് പുറത്ത് വരും മുമ്പായിരുന്നു പണം സ്വീകരിച്ചത്. തട്ടിപ്പ് പുറത്ത് വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥർ മോൻസന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയത് പുറത്തായത്. റോയ് വയലാട്ട് ഉൾപ്പെട്ട മോഡലകളുടെ അപകട മരണ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് അനന്ത ലാൽ.
ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവർക്ക് പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്. മോൻസനിൽ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥർ നേരത്തെ മൊഴി നൽകിയിട്ടുണ്ട്. കടം ആയാണ് പണം കൈപ്പറ്റിയതെന്നാണ് ഇരുവരുടേയും മൊഴി.