തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡ് മാർച്ച് 27നു നടത്തിയ ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ഉദ്യോഗാർഥികളുടെ പരാതി. പരീക്ഷാ സമയത്ത് സ്വകാര്യ യുട്യൂബ് ചാനൽ പ്രവർത്തകന് ചോദ്യപേപ്പർ ലഭിച്ചെന്ന പരാതിയെ തുടർന്ന് അന്വേഷണം നടത്താൻ തീരുമാനിച്ചതായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് അധികൃതർ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെക്കുറിച്ച് ബോർഡ് സെക്രട്ടറി ഡിജിപിക്കു പരാതി നൽകും.
93 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. പരീക്ഷ നടക്കുമ്പോൾതന്നെ സ്വകാര്യ യുട്യൂബ് ചാനൽ പ്രവർത്തകന്റെ കൈയിൽ ചോദ്യം എത്തിയിട്ടുണ്ടെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 2.30 മുതൽ 4.30 വരെയായിരുന്നു പരീക്ഷാസമയം. പരീക്ഷ കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ യുട്യൂബ് ചാനലിൽ ചോദ്യവും ഉത്തരവും വിഡിയോ ആയി വന്നു. കംപ്യൂട്ടറിന്റെ സ്ക്രീൻ സഹിതം അപ്‌ലോഡ് ചെയ്തിരിക്കുന്ന വിഡിയോയിൽ സ്ക്രീനിലെ സമയം 3.30 ആണ് കാണിക്കുന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
പരീക്ഷ എഴുതിയ ഉദ്യോഗാർഥിയുടെ കയ്യിൽനിന്നു ചോദ്യം വാങ്ങി ഉത്തരം കണ്ടുപിടിച്ച് യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു എന്നാണ് കരുതുന്നതെന്നും പൊലീസ് അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അധികൃതർ പറഞ്ഞു.