ദില്ലി : രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് എട്ട് രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാണ് നിലവില്‍. തിരുവനന്തപുരത്ത് പെട്രോള്‍വില 115 കടന്നു.
യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു.