ദില്ലി : ഇന്ത്യയ്ക്ക് വൻ പദ്ധതികൾ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നിലവിലെസ്ഥിതി തുടരുന്നത് അംഗീകരിക്കാനാവില്ല. ഉദ്യോഗസ്‌ഥരുടെ നയം മാറണം. സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ നികത്താനും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയും ഓസ്‌ട്രേലിയയും സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് വ്യാപാര കരാറിൽ ഒപ്പുവെച്ചു. ഇന്നലെ നടന്ന വെര്‍ച്ച്വല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയൻ വ്യാപാരകാര്യ മന്ത്രി ഡാൻ ടെഹാനുമാണ് കരാറുകളിൽ ഒപ്പിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസണും യോഗത്തിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള തന്റെ മൂന്നാമത്തെ ആശയവിനിമയമാണിതെന്ന് കരാര്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളിലാണ് വ്യാപാര കരാറിൽ ഒപ്പിട്ടതെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരസ്പരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രണ്ട് സമ്പദ്‌വ്യവസ്ഥകളിലും നിലനില്‍ക്കുന്ന വലിയ സാധ്യതകള്‍ക്ക് അടിവരയിട്ട മോദി, ഈ അവസരങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ഈ കരാര്‍ ഇരു രാജ്യങ്ങളെയും പ്രാപ്തമാക്കുമെന്നും വ്യക്തമാക്കി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ചരിത്രപരവും വികസനപരവുമായ നിമിഷമാണിത്. കരാറിന്റെ അടിസ്ഥാനത്തില്‍ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്ക് സംഭാവന നല്‍കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വിനോദസഞ്ചാരികള്‍ എന്നിവർക്ക് കരാർ ഗുണകരമാണ്. വരാനിരിക്കുന്ന ലോകകപ്പ് ഫൈനലിന് ഓസ്‌ട്രേലിയയിലെ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി തന്റെ ആശംസകളും അറിയിച്ചു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇന്ന് ഒപ്പുവെച്ച കരാറെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ പറഞ്ഞു. വര്‍ധിച്ച വ്യാപാര – സാമ്പത്തിക സഹകരണത്തിന് പുറമെ, ജോലി, പഠനം, യാത്ര എന്നിവയുടെ വിപുലീകരണത്തിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാകും. ജനാധിപത്യ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും വിതരണ ശൃംഖലകളുടെ സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പാക്കുന്നുവെന്ന സന്ദേശവും കരാർ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാർ ഉഭയകക്ഷി വ്യാപാരം വര്‍ധപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുക്ഷേമം മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.