മുംബൈ : ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കിംഗ്‌സ് ഇലവൻ പഞ്ചാബ് പോരാട്ടം. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ദീപക് ചാഹറിന് പരുക്കേറ്റതോടെ യുവ പേസര്‍മാരെ ആശ്രയിക്കേണ്ടിവരുന്നതും, രാത്രിയിലെ മഞ്ഞുവീഴ്‌ച കാരണം സ്‌പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതും സിഎസ്കെക്ക് വെല്ലുവിളി ഉയർത്തുന്നു. റുതുരാജ് ഗെയ്‌ക്‌വാദ് പോയ സീസണിലെ മികവിലേക്ക് ഉയരാത്തതും വെല്ലുവിളിയാണ്. എം എസ് ധോണി ഫിനിഷിംഗ് മികവ് ആവര്‍ത്തിക്കുന്നതാണ് ടീമിനുള്ള ആശ്വാസം. ചരിത്രത്തിലാദ്യമായാണ് രണ്ട് തോൽവികളോടെ സീസൺ തുടങ്ങിയതിന്‍റെ ഞെട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.
ബാംഗ്ലൂരിനെ വീഴ്ത്തുകയും കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റുകയും ചെയ്ത പഞ്ചാബ് വിജയവഴിയിൽ തിരിച്ചെത്താനാകും ശ്രമിക്കുക. 25 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 15ൽ ജയിച്ച ചെന്നൈക്കാണ് മേൽക്കൈ. ടോസ് നേടുന്ന നായകന്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ല. ബാറ്റിംഗിൽ വമ്പന്‍ പേരുകാര്‍ മികവുകാട്ടാതെ പഞ്ചാബിന് രക്ഷയില്ല. രാഹുല്‍ ചാഹറിനും കാഗിസോ റബാഡയ്ക്കും ബൗളിംഗ് നിരയിൽ പിന്തുണ കിട്ടേണ്ടതും അനിവാര്യം.
ഇന്നലെ നടന്ന മത്സരത്തോടെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ രണ്ടാം തോൽവി നേരിട്ടു. രാജസ്ഥാൻ റോയൽസ് 23 റൺസിന് മുംബൈയെ തോൽപിച്ചു. രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് തോൽപിച്ചു.