കൊല്ലം : കെ റെയിൽ (K Rail) സർവേ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണ്. ഏതെങ്കിലും എജൻസികൾക്ക് സമയം കൂടുതൽ വേണമെങ്കിൽ അത് അനുവദിച്ചു കൊടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിവിധ എജൻസികളിൽ ഒന്ന് മാത്രമാണ് രാജഗിരിയെന്നും അദ്ദേഹം പ്രതികരിച്ചു. മൂന്ന് ജില്ലകളിൽ കെ റെയിൽ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തിവെച്ചിരുന്നു. എറണാകുളം, ആലപുഴ, പത്തനംതിട്ട ജില്ലകളിൽ പഠനം നടത്തുന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് തീരുമാനം. ജനങ്ങളുടെ നിസഹകരണം ഈ രീതിയിൽ തുടർന്നാൽ പഠനം മുന്നോട്ട് പോകില്ലെന്ന് ഇതിനായി ചുമതലപ്പെടുത്തിയ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം.
കെ റെയിൽ കല്ലിടലിലെ കഠിനവഴിയിൽ താണ്ടുന്നതിനിടെയാണ് സാമൂഹ്യ ആഘാത പഠനത്തിനും തുടക്കത്തിലെ കല്ലുകടി ഉണ്ടാകുന്നത്. മിണ്ടാതെ വന്ന് പോലീസ് സംരക്ഷണത്തിൽ കല്ല് നാട്ടി പോകുന്ന ഉദ്യോഗസ്ഥ രീതി സാമൂഹ്യആഘാത പഠനത്തിൽ നടപ്പിലാകില്ല. ഓരോ വീട്ടിലും നേരിട്ടെത്തി, വീട്ടുകാരോട് എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം കാര്യങ്ങൾ ആരാഞ്ഞ് മറുപടി രേഖപ്പെടുത്തണം. പദ്ധതി മേഖലയിലെ താമസക്കാരുടെ ആശങ്കകൾ പറഞ്ഞ് തീരും വരെ കേൾക്കണം. സാമൂഹ്യമായും പാരിസ്ഥിതികമായും സാമ്പത്തികമായും പ്രദേശവാസികൾക്ക് ആ മേഖലയിലുമുണ്ടാകുന്ന നഷ്ടങ്ങൾ കണ്ടറിഞ്ഞ് സർക്കാരിന് റിപ്പോർട്ട് നൽകണം. എന്നാൽ ജനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ നിലവിൽ പഠനം അപ്രായോഗികമാണ്.