ഹൈദരാബാദ്: നഗരത്തിലെ ആഡംബര ഹോട്ടലിൽ ലഹരിമരുന്ന് പാർട്ടിക്കിടെ ഹൈദരാബാദ് പൊലീസിന്റെ മിന്നൽ പരിശോധന. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ നടത്തിയ പരിശോധനയിൽ പാർട്ടിയിൽ ലഹരി മരുന്ന് വ്യാപകമായി ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് പാർട്ടിയിൽ പങ്കെടുത്ത 142 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ മക്കളും ഉൾപ്പെടുന്നതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നഗരത്തിലെ റാഡിസൻ ഹോട്ടലിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ഹൈദരാബാദ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് മിന്നൽ പരിശോധന. ദൗത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ബഞ്ജാര സ്റ്റേഷൻ ഹൗസ് ഓഫിസറെ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. ഈ സ്റ്റേഷന്റെ പരിധിയിലാണ് നിരോധിത ലഹരി വസ്തുക്കളുമായി പാർട്ടി സംഘടിപ്പിച്ചത്.
‘പാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ ഹോട്ടലിൽനിന്ന് ഏതാനും വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. അതിലൊന്ന് പഞ്ചസാരയാണെന്നാണ് ഹോട്ടൽ അധികൃതർ പറഞ്ഞത്. പക്ഷേ, വിശദ പരിശോധനയിൽ നിരോധിത വസ്തുവായ കൊക്കെയ്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്ത മുപ്പതിലധികം സ്ത്രീകൾ ഉൾപ്പെടെ 142 പേരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി’ – ഹൈദാബാദ് പൊലീസ് വ്യക്തമാക്കി.
ലഹരിപ്പാർട്ടിക്കിടെ കസ്റ്റഡിയിലെടുത്തവരിൽ തെലുങ്കു നടി നിഹാരിക കോനിഡേലയും ഒരു ഗായകനും സംസ്ഥാനത്തെ മുതിർന്ന സീനിയർ ഐപിഎസ് ഓഫിസറിന്റെ മകളും ഉൾപ്പെടുന്നതായാണ് സൂചന. ബിഗ് ബോസിന്റെ തെലുങ്കുപതിപ്പിൽ മൂന്നാം സീസണിൽ വിജയിയായ രാഹുൽ സിപ്ലിഗുഞ്ജാണ് കസ്റ്റഡിയിലുള്ള ഗായകനെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.
ബഞ്ജാര ഹിൽസ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശിവ ചന്ദ്രയെയാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സി.വി. ആനന്ദ് സസ്പെൻഡ് ചെയ്തത്. പബ്ബുകളിലും ബാറുകളിലും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടയാതെ ദൗത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ബഞ്ജാര സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മിഷണർ എം. സുദർശന് മെമോയും നൽകി.