ഹരിപ്പാട് : സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്നുകളഞ്ഞ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര കൊടങ്ങവിള കിരൺ നിവാസിൽ പ്രവീൺ (24) ആണ് അറസ്റ്റിലായത്. മാർച്ച് 19ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാർത്തികപ്പള്ളി ജംഗ്ഷന് വടക്കുവശം വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്തു വരികയായിരുന്ന വെട്ടുവേനി നിഷാ ഭവനത്തിൽ നിഷയുടെ അഞ്ചര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്.
നേരത്തെ, തിരുവനന്തപുരം ബാലരാമപുരം ഐട്ടിയൂർ വരവിളകത്തു വീട്ടിൽ ഹക്കീം( 27) നെ കഴിഞ്ഞ ആഴ്ച തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം കായംകുളം എൽഐസി ഓഫീസിൽ പോയി തിരികെ അമ്മയോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു നിഷയെ ദേശീയപാത മുതൽ പിന്തുടർന്ന രണ്ടംഗസംഘം കാർത്തികപ്പള്ളിയ്ക്ക് വടക്കു ഭാഗത്തു വച്ച് മാലപൊട്ടിച്ചു കടന്നു കളയുകയായിരുന്നു. തുടർന്ന് ഹൈവേയിൽ എത്തിയ ഇവർ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കറങ്ങി നടന്ന ശേഷം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ബൈക്കിലായിരിന്നു പ്രതികളുടെ യാത്ര. മോഷണത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രവീൺ അവിടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതി പ്രദേശത്തുണ്ടായ കത്തി കുത്തിനെ തുടർന്നാണ് അറസ്റ്റിലായത്.