ദിബ്രുഗഢ് : അസമില്‍ 33 കെ.വി. ഇലക്ട്രിക് ട്രാന്സ്മിഷന് ടവര്‍ പൊളിച്ച് കടത്താന്‍ ശ്രമിച്ച ആറുപേരെ പോലീസ് പിടികൂടി. ശനിയാഴ്ച ദിബ്രുഗഢിലെ ലഹോവാള്‍ പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നാണ് പ്രതികള്‍ അറസ്റ്റിലായത്. ഇലക്ട്രിക് ടവര്‍ മോഷ്ടിച്ച പ്രതികള്‍, ഇത് വാഹനത്തില്‍ കയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആകാശ് ബരൂഹ, ഹിരണ്യ ഖര്‍ഗോറിയ, ശങ്കര്‍ പാട്ടോര്‍, മോനു മുറ, ധരംബീര്‍ ബുറഗോഹിന്‍, പുലു ഗോഹിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം നാല് ക്വിന്റലോളം വരുന്ന മോഷണമുതല്‍ ഇവരില്‍നിന്ന് കണ്ടെടുത്തതായും കേസില്‍ അന്വേഷണം തുടരുകയാണെന്നും ദിബ്രുഗഢ് എസ്.പി. ശ്വേതാങ്ക് മിശ്ര പറഞ്ഞു. ഈ സംഘം ഇത്തരത്തില്‍ മുന്‍പും പൊതുമുതലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.