തിരുവനന്തപുരം: ഇന്ധന വിലവർധനയുടെ പേരിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്രോൾ, ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നതിനാൽ സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമായെന്നു മുഖ്യമന്ത്രി പറഞ്ഞു. അസംസ്കൃത എണ്ണ വില കുറഞ്ഞാൽ പോലും പെട്രോൾ, ഡീസൽ വില കുറയാത്ത രീതിയിലാണു സെസും ഡ്യൂട്ടിയും കേന്ദ്രം വർധിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ഈടാക്കുന്ന നികുതിയിൽ നിന്ന് ഒരു അംശം പോലും സംസ്ഥാന സർക്കാരുകൾക്കു ധനകാര്യ കമ്മിഷൻ വഴിയുള്ള വിഹിതമായി ലഭിക്കുന്നില്ല. രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുമ്പോൾ കേന്ദ്രം എക്സൈസ് നികുതി വർധിപ്പിക്കുകയാണ് – മുഖ്യമന്ത്രി പറഞ്ഞു.