ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ് (ബിപിആർഡി) മാർഗനിർദേശം പുറപ്പെടുവിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ഡിജിറ്റൽ പണം കൈമാറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ്, അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾക്ക് രാജ്യത്ത് ആദ്യമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്.
പിടിച്ചെടുക്കുന്ന ക്രിപ്റ്റോ കറൻസി സൂക്ഷിക്കാൻ അന്വേഷണ ഏജൻസികൾ സ്വന്തമായി ഓൺലൈൻ അക്കൗണ്ടുകൾ (ക്രിപ്റ്റോ വോലെറ്റ്) സജ്ജമാക്കണം. കുറ്റകൃത്യങ്ങളിലേർപ്പെട്ട ക്രിപ്റ്റോ വോലെറ്റുകളിലെ ഇടപാടുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ വഴി മരവിപ്പിക്കണം.