കൊച്ചി: പൊലീസ് പീഡനം ആരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്‍റ് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻകൂർ നോട്ടീസ് നൽകാതെ സാഗറിനെ ചോദ്യം ചെയ്യരുതെന്ന് പൊലീസിന് കോടതി നിർദ്ദേശം നല്‍കി. ചോദ്യം ചെയ്യലിന്‍റെ പേരിൽ ഉപദ്രവിക്കരുത്. പൊലീസ് ആക്ടും ക്രിമിനൽ നടപടി ചട്ടവും അനുശാസിക്കുന്ന തരത്തിൽ മാത്രമേ ചോദ്യം ചെയ്യാവു എന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് അനു ശിവരാമന്‍റെ സിംഗിൾ ബഞ്ചാണ് വിധി പറഞ്ഞത്.നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്‍റെ ഉടമസ്ഥതയിട്ടുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനുമാണ് സാഗർ വിൻസന്റ. ആലപ്പുഴ സ്വദേശിയാണ് ഇയാള്. കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഹർജിയിലെ വാദം.
അതേസമയം നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് കോടതി ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസിൽ ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹർജിയിൽ വിജീഷ് വാദിച്ചത്. കേസിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ പൾസർ സുനിയോടൊപ്പം അത്താണി മുതൽ വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.