തിരുവനന്തപുരം: ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ 20നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ് എന്നിവരും പങ്കെടുക്കും. ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് 27 ആർഡിഒ ഓഫിസുകളിലായി കെട്ടിക്കിടക്കുന്ന 1.12 ലക്ഷം അപേക്ഷകൾ തീർപ്പാക്കാനുള്ള റവന്യു വകുപ്പിന്റെ പദ്ധതിയുടെ പുരോഗതി വിലയിരുത്താനാണു യോഗം.
അപേക്ഷകൾ തീർപ്പാക്കുന്നതു വൈകുന്നതു സംബന്ധിച്ച പരാതികൾ മുഖ്യമന്ത്രിയുടെ ഓഫിസിലും ലഭിച്ചിരുന്നു. വേഗത്തിൽ അപേക്ഷകൾ തീർപ്പാക്കാൻ 990 തസ്തികകൾ 6 മാസത്തേക്കു താൽക്കാലികമായി സൃഷ്ടിച്ച് ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്ന നടപടികൾ അതത് ജില്ലാ കലക്ടർമാരുടെ മേൽനോട്ടത്തിൽ നടന്നുവരികയാണ്. പദ്ധതി പ്രകാരം ഒക്ടോബർ ഏഴിനകം അപേക്ഷകൾ തീർപ്പാക്കണം.