കീവ്: ഒരു മാസത്തോളം നീണ്ട അധിനിവേശത്തിനും പിന്മാറ്റത്തിനുമിടയിൽ യുക്രെയ്‌നിലെ ജനവാസമേഖലകളിൽ റഷ്യ കൂട്ടക്കുരുതി നടത്തുകയും സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നുവെന്ന് യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ. പിടിച്ചെടുക്കുന്ന പ്രദേശങ്ങൾ തങ്ങളുടെ അധീനതയിൽ ആക്കാനും ജനങ്ങൾക്കിടയിൽ ഭയം വളർത്താനുമാണ് റഷ്യൻ സൈന്യം കൂട്ടക്കുരുതിയും കൂട്ടബലാത്സംഗവും നടത്തുന്നതെന്നാണ് ആരോപണം. ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ ഉള്‍പ്പെടെ 30 ചെറുപട്ടണങ്ങൾ റഷ്യയിൽനിന്ന് യുക്രെയ്ൻ തിരിച്ചു പിടിച്ചതിനു പിന്നാലെ നിരവധി സ്ത്രീകളും പെൺകുട്ടികളുമാണു റഷ്യൻ സൈനികരുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിയുമായി രംഗത്തു വരുന്നത്.
യുക്രെയ്ൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ, യുക്രെയ്‍ൻ എംപി മരിയ മെസെന്റ്സേവ തുടങ്ങിയവരും സമാനമായ ആരോപണവുമായി രംഗത്തു വന്നിരുന്നു. ‘പിടിച്ചെടുക്കുന്ന പട്ടണങ്ങളിൽ പ്രതിരോധമോ പ്രത്യാക്രമണമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ അവർ സ്ത്രീകളെ കുടുംബാംഗങ്ങൾക്കു മുൻപിൽ വച്ച് ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. പെൺകുട്ടികളെ മാതാപിതാക്കളുടെ കൺമുന്നിൽ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ കൺമുന്നിൽ അവരുടെ അമ്മമാരെ ബലാത്സംഗത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അതിക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് യുക്രെയ്‌നിലെ ജനവാസക്രേന്ദ്രങ്ങളിൽ റഷ്യ നടത്തുന്നത്’– ഇറീന വെനഡിക്ടോവ പറഞ്ഞു. നിരായുധരായി കീഴടങ്ങാനെത്തിയ സാധാരണക്കാരെ റഷ്യൻ സൈന്യം വ്യാപകമായി കൊലപ്പെടുത്തുന്നുവെന്നും കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തുകയാണെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ ആരോപിച്ചു.
ഭർത്താവിനെ കൊന്നശേഷം 4 വയസ്സ് മാത്രം പ്രായമുള്ള മകന്റെ മുന്നിൽ റഷ്യൻ സൈന്യം തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് ഒരു യുക്രെയ്ൻ യുവതി ദിവസങ്ങൾക്കു മുൻപേ രംഗത്തു വന്നതിനു പിന്നാലെയാണ് റഷ്യൻ സൈനികരുടെ ലൈംഗിക അതിക്രമങ്ങൾ രാജ്യാന്തര തലത്തിൽ ചർച്ചയായത്. ‘ഒരു തവണ വെടിയുതിർക്കുന്ന ശബ്ദം ഞാൻ കേട്ടു, പിന്നെ ഗേറ്റ് തുറന്ന് ആരോ നടന്ന് വരുന്നതും. ആദ്യം എന്റെ വളർത്തുനായയെ അവർ കൊന്നു, പിന്നീട് എന്റെ ഭർത്താവിനെയും. എന്റെ ഭർത്താവ് ഒരു നാത്‌സിയായതിനാൽ കൊന്നു കളഞ്ഞു എന്നാണ് അവർ എന്നോട് പറഞ്ഞത്. നാലു വയസ്സ് മാത്രം പ്രായമുള്ള മകന്റെ മുന്നിൽവച്ച് പലതവണ അവർ എന്നെ ബലാത്സംഗം ചെയ്തു’– യുവതി പറഞ്ഞു.
മകൻ കരയുന്നത് കണ്ടിട്ടും വിടാൻ കൂട്ടാക്കാതെ തോക്കിൻ മുനയിൽ നിർത്തി ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ ഇറീന വെനഡിക്ടോവ ചർച്ചയാക്കിയതോടെ രാജ്യാന്തര തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ബലാത്സംഗം ഒരു സൈനിക തന്ത്രമായി ഉപയോഗിക്കാൻ തക്കവിധം റഷ്യൻ സൈന്യം അധഃപതിച്ചുവെന്നും യുക്രെയ്നിൽ റഷ്യ നടത്തുന്നത് നരനായാട്ടും കൂട്ടക്കുരുതിയുമാണെന്നും വെനഡിക്ടോവ പറഞ്ഞു. ഫൊട്ടോഗ്രഫർ മിഖായേൽ പാലിൻചക് ദിവസങ്ങൾക്കു മുൻപ് പുറത്തു വിട്ട ചിത്രവും രാജ്യാന്തര ശ്രദ്ധനേടി. കീവിൽനിന്ന് 20 കിലോമീറ്റർ മാത്രം അകലെ ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ പുതപ്പ് കൊണ്ട് മൂടിയിട്ടിരിക്കുന്ന ചിത്രമാണ് പാലിൻചക് പുറത്തുവിട്ടത്. പൂർണ നഗ്നരായ സ്ത്രീകളുടെ ശരീരം പാതി കത്തിച്ച നിലയിലായിരുന്നു.
മൂന്നു സ്ത്രീകളെയും റഷ്യൻ സൈനികർ ബലാത്സംഗം ചെയ്തശേഷം കൊന്ന് കത്തിച്ചതാണെന്ന് യുക്രെയ്ൻ അധികൃതർ ആരോപിച്ചു. പുറത്തു വന്നിട്ടുള്ളത് റഷ്യൻ ക്രൂരതയുടെ ഒരു അംശം മാത്രമാണെന്നും റഷ്യൻ സൈനികരുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ നിരവധി സ്ത്രീകൾ വെളിപ്പെടുത്തലുകളുമായി വരുമെന്നും യുക്രെയ്‍ൻ എംപി മരിയ മെസെന്റ്സേവ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. യുക്രെയ്ൻ അധിനിവേശത്തിന്റെ ആദ്യനാളുകളിൽത്തന്നെ ആളുകളെ ഭയപ്പെടുത്താൻ റഷ്യൻ സൈനികർ സ്ത്രീകളെ ഉപദ്രവിക്കുകയും പരസ്യമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തെന്ന് യുക്രെയ്ൻ അഭിഭാഷക കാറ്ററീന ബുസോൾ പറഞ്ഞു.