ഇടുക്കി : ഉടുമ്പന്നൂരിൽ അഞ്ചര വയസുകാരിയെ മർദിച്ച വീട്ടു ജോലിക്കാരിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുട്ടിയുടെ അച്ഛൻ ബിബിൻറെ പരാതിയിൽ മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കുട്ടിയെ അടുക്കളയിൽ നിന്നും വലിച്ച് എറിയുന്ന ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങിൽ പ്രചരിച്ചിരുന്നു. മാർച്ച് 30 നാണ് ഉടുമ്പന്നൂർ സ്വദേശി ബിബിൻറെ അഞ്ചര വയസ്സുള്ള കുട്ടിയെ വീട്ടു ജോലിക്കെത്തിയ തങ്കമ്മ മർദ്ദിച്ചത്. ബിബിൻ സുഹൃത്തുമൊത്ത് മലയാറ്റൂരിൽ പോയ സമയത്തായിരുന്നു സംഭവം. മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്ന സി സി ടി വിയിൽ നിന്നും ദൃശ്യങ്ങൾ കണ്ട ബിബിൻ തിരികെ എത്തിയപ്പോൾ പോലീസിൽ പരാതി നൽകി. തുടർന്ന് ഇരുകൂട്ടരെയും പോലീസ് വിളിച്ചു വരുത്തി. എന്നാൽ തനിക്ക് വിദേശത്തേക്ക് പോകേണ്ടതിനാൽ പരാതിയില്ലെന്ന് ബിബിൻ എഴുതി നൽകിയതിനെ തുടർന്നാണ് ആദ്യം കേസെടുക്കാതിരുന്നതെന്ന് കരിമണ്ണൂർ സി ഐ പറഞ്ഞു.
പിന്നീട് വീണ്ടും പരാതി നൽകിയതിനെ തുടർന്ന് വെള്ളിയാഴ്ച കേസെടുത്തു. ചോറ് വാർക്കുന്നതിനിടെ തിളച്ച വെള്ളം വീഴാതിരിക്കാൻ കുട്ടിയെ പുറത്തിറക്കി വിട്ടിരുന്നു. വീണ്ടും കയറി വന്നപ്പോഴാണ് മർദ്ദിച്ചതെന്നാണ് തങ്കമ്മ പോലീസിനോട് പറഞ്ഞിരുന്നത്. ഒരു മാസത്തെ കരാറിൽ ജോലിയിൽ പ്രവേശിച്ചു മൂന്നുദിവസം പിന്നിട്ടപ്പോഴാണ് സംഭവം ഉണ്ടാകുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് തങ്കമ്മക്കെതിരെ കേസെടുത്തിരിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ബിബിൻ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ തങ്കമ്മ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.