കൊച്ചി : രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഉത്സവമാക്കി സര്‍ക്കാര്‍. ജില്ലകളിലെ എന്റെ കേരളം അരങ്ങ് കേരളത്തിലെ കലാരംഗത്തെ പ്രതിഭകള്‍ക്ക് മാറ്റുരയ്ക്കാനുള്ള സുവര്‍ണാവസരമായി. ഇന്ന് എന്റെ കേരളം വേദിയില്‍ ആരോസ് കൊച്ചി അവതരിപ്പിച്ച ഡാന്‍സ് ഷോ വര്‍ണാഭമായി. നൃത്തം, ഗാനമേള, വിപണനമേളകള്‍, കൈത്തറിമേള, ഫുഡ്‌കോര്‍ട്ട് എന്നിങ്ങനെ വ്യത്യസ്ത ചേരുവകള്‍ ചേര്‍ത്താണ് സര്‍ക്കാരിന്റെ വാര്‍ഷികം ഉത്സവപ്രതീതിയോടെ ആഘോഷിക്കുന്നത്. നഞ്ചിയമ്മയാണ് ആഘോഷങ്ങളിലെ താരം. നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ ഫോക്ക്‌ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന ഗോത്രായനം പരിപാടി വരുന്ന ഞായറാഴ്ചയാണ് നടക്കുന്നത്.
സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദര്‍ശന മേള നടക്കും. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും ഭാവി കാഴ്ച്ചപ്പാടും പ്രതിഫലിക്കുന്ന രീതിയിലാണ് പ്രദര്‍ശനം സജ്ജമാക്കിയിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം. പൊലീസ് മൈതാനിയിലെ ‘എന്റെ കേരളം’ അരങ്ങില്‍ എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് കലാ സാംസ്‌കാരിക സന്ധ്യ അരങ്ങേറും.