തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും മോശമായി പ്രവർത്തിക്കുന്ന വകുപ്പ് ആരോഗ്യ വകുപ്പാണെന്നു ചീഫ് സെക്രട്ടറി പറഞ്ഞതായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയുടെ കത്ത്. സംസ്ഥാനതല യോഗത്തിലാണ് ചീഫ് സെക്രട്ടറി ഇങ്ങനെ പറഞ്ഞതെന്നും വകുപ്പിന്റെ പ്രവർത്തനത്തിൽ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നും ആരോഗ്യ ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫിസർമാർക്കും വകുപ്പു മേധാവികൾക്കും നൽകിയ കത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി കുറ്റപ്പെടുത്തി.
കത്തിൽ പറയുന്നത്: ഭരണം നന്നാക്കുകയാണു വകുപ്പു മേധാവികളുടെയും സ്ഥാപനമേധാവികളുടെയും പ്രാഥമിക ഉത്തരവാദിത്തം. ഇതു നിറവേറ്റുന്നില്ല. ഓൺലൈൻ ട്രാൻസ്ഫർ, സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോറിറ്റി പട്ടിക, അവധി ക്രമപ്പെടുത്തൽ എന്നിവയിൽ അടിയന്തര ശ്രദ്ധ വേണം. 30 – 40 വർഷം വരെ പഴക്കമുള്ള കേസുകളാണു കോടതികളിലുള്ളത്. 1980 ലെ അവധി ക്രമപ്പെടുത്തൽ പോലും ഇപ്പോഴും ശരിയാക്കിയിട്ടില്ല. 2015 ൽ ജീവനക്കാരെ അനധികൃതമായി നീക്കം ചെയ്തത്, 2005 മുതലുള്ള സ്ഥാനക്കയറ്റ കേസുകൾ എന്നിവയ്ക്കായി ലക്ഷക്കണക്കിനു രൂപ സർക്കാരിനു നഷ്ടപരിഹാരം നൽകേണ്ടി വന്നു. ചുമതലപ്പെട്ടവർ കൃത്യസമയത്തു നടപടിയെടുത്തിരുന്നെങ്കിൽ ഇതൊഴിവാക്കാമായിരുന്നു. വകുപ്പിന്റെ സംസ്ഥാന, ജില്ലാ ഓഫിസുകളിൽ ഇ– ഓഫിസ് സംവിധാനം ഉടൻ നടപ്പാക്കണം. ജനസൗഹൃദ സേവനം ഉറപ്പാക്കണം.
കോവിഡ് മരണം പൂഴ്ത്തിയത് പുറത്തായി; ചേരിപ്പോര് തുടങ്ങി
കോവിഡ് മരണക്കണക്കിലെ പിഴവുകൾ പുറത്തായതോടെയാണ് ഉദ്യോഗസ്ഥ ചേരിപ്പോര് തുടങ്ങിയത്. സുപ്രീം കോടതി ഉത്തരവു പ്രകാരം വീണ്ടും പരിശോധിച്ചതോടെ 8500 മരണങ്ങൾക്കൂടി പുറത്തു വന്നു. ഡിഎംഒമാരുടെ റിപ്പോർട്ട് പ്രകാരമാണ് അധിക മരണങ്ങൾ കണ്ടെത്തിയത്. ഇരട്ടിപ്പു വന്നു എന്നതിന്റെ പേരിൽ 6 ഡിഎംഒമാർക്ക് ആരോഗ്യ സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകി.
അതോടെ ഡിഎംഒമാർ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു വിവരം ധരിപ്പിച്ചു. ജില്ലകളിൽനിന്നു നൽകിയ കണക്ക് വെട്ടിക്കുറിച്ചതു ആരോഗ്യ സെക്രട്ടറിയുടെ ഓഫിസാണെന്ന് ഉദ്യോഗസ്ഥരുടെ സംഘടനയും അറിയിച്ചു. അതോടെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോടു കാരണം ചോദിച്ചു. ചീഫ് സെക്രട്ടറി ആരോഗ്യ സെക്രട്ടറിയെ വിളിച്ചു കർശനമായി കാര്യങ്ങൾ ധരിപ്പിച്ചു. അതിന്റെ തുടർച്ചയാണ് കത്തെന്നാണ് ആരോപണം.