ആലപ്പുഴ: കേരളത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയ ആലപ്പുഴയിൽ നിരോധനാജ്ഞ നിലനിൽക്കേ വീണ്ടും അക്രമം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന് വെേട്ടറ്റു. ആര്യാട് കൈതത്തിൽ നികർത്തിൽ വിമലിനാണ് വെേട്ടറ്റത്. ബിനു എന്നയാളാണ് വെട്ടിയത്. തലയ്ക്കും കാലിനുമാണ് വെട്ടിയത്. പരിക്കുകളോടെ വിമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുവിന്‍റെ സഹോദരനെ ആക്രമിച്ചതിന്‍റെ പ്രതികാരമായാണ് വിമലിനെ വെട്ടിയതെന്നാണ് സൂചന.
ശനിയാഴ്ചയും ഞായറാഴ്ചയുമായി രണ്ട് പേരാണ് ജില്ലയിൽ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായത്. ശനിയാഴ്ച രാത്രി ഏഴരയോടെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാൻ, ഞായറാഴ്ച രാവിലെ ആറു മണിയോടെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ പോകുകയായിരുന്ന ഷാനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജംങ്ഷനിലായിരുന്നു സംഭവം. വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു രഞ്ജിത് ആക്രമിക്കപ്പെട്ടത്. വീടിനുള്ളിൽ വെച്ച് അമ്മയും ഭാര്യയും നോക്കിനിൽക്കെ അക്രമിസംഘം വെട്ടുകയായിരുന്നു. ഇരു കൊലപാതകത്തിലുമായി 50 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.