പാലക്കാട് : പന്നിയങ്കര ടോൾ പ്ലാസ വഴി ഇനി സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. നാളെ മുതൽ പ്രത്യക്ഷ സമരം തുടങ്ങുമെന്നും ബസ് ഉടമകൾ അറിയിച്ചു. താൽകാലികമായി നിർത്തിവച്ചിരുന്ന ടോൾ പിരിവ് തുടങ്ങിയതോടെയാണ് നയം വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയത്. അതേസമയം സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിക്കുമെന്ന് കരാർ കമ്പനി ആവർത്തിച്ച് വ്യക്തമാക്കി. പന്നിയങ്കരയില്‍ ഇന്നലെ വരെ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. നെന്മാറ വേല, എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന പോലീസ് നിര്‍ദ്ദേശം പരിഗണിച്ചായിരുന്നു ഇത്.
പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് തുടങ്ങിയതിനെതിരെ രാവിലെ ചെറിയതോതിൽ പ്രതിഷേധം ഉണ്ടായിരുന്നു. ബസുകൾ ട്രാക്കിൽ നിർത്തിയിട്ടു. പിന്നീട് ആളുകളെ ഇറക്കി വിട്ടു . മണിക്കൂറുകൾക്ക് ശേഷം ഇന്നത്തെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.