കര്‍ണാടക : കര്‍ണാടകയിലെ ഹിജാബ്, ഹലാല്‍ വിവാദങ്ങള്‍ക്കെതിരെ തെലങ്കാന വ്യാവസായിക മന്ത്രി കെ ടി രാമറാവു. കര്‍ണാടകയില്‍ 2023ഓടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് തെലങ്കാന മന്ത്രിയുടെ ട്വീറ്റ്. ‘എനിക്ക് കര്‍ണാടക രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ അറിവില്ല. ആരാണ് വിജയിക്കുകയെന്നും അറിയില്ല. നമ്മുടെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന്റെ അഭിവൃദ്ധിക്കുമായി ഹൈദരാബാദും ബെംഗളൂരുവും ആരോഗ്യകരമായി മത്സരിക്കട്ടെ. നമുക്ക് അടിസ്ഥാന സൗകര്യ വികസനത്തിലും ഐടിമേഖലയിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാം. ഹലാലിലും ഹിജാബിലും അല്ല’. കെ ടി രാമറാവു പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഇന്ത്യയുടെ ഏറ്റവും മികച്ച നഗരമായ ബംഗളൂരുവിന്റെ പ്രതാപം തിരിച്ചുപിടിക്കുമെന്നുമായിരുന്നു ശിവകുമാറിന്റെ ട്വീറ്റ്.
രാജ്യത്തിന്റെ വ്യവസായ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാകുന്ന കാര്യങ്ങളാണ് കുറച്ചുകാലങ്ങളായി കര്‍ണാടകയില്‍ നടക്കുന്നത്. ഇന്ത്യയുടെ സല്‍പ്പേരിനെ പോലും ഇത് ബാധിക്കും. കെടി രാമറാവു പറഞ്ഞു. ഹലാലിലും ഹിജാബിലുമല്ല, പകരം ഐടി,അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. റാവു പറഞ്ഞു. സംസ്ഥാനത്തെ ഹലാല്‍ വിവാദവും ക്ലാസ്‌റൂമുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കരുതെന്ന ഹിജാബ് വിവാദവും കര്‍ണാടകയിലെ വ്യാവസായിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. കര്‍ണാടകയില്‍ നിക്ഷേപം നടത്താനൊരുങ്ങിയ രണ്ട് മുസ്ലിം വ്യവസായികള്‍ തങ്ങളുടെ പ്രൊജക്ട് ദുബായിലേക്കും സിംഗപ്പൂരിലേക്കും ഷിഫ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവിലെ ആഭ്യന്തരത്തെക്കുറിച്ച് ദുഖിപ്പിക്കുന്നതും അപൂര്‍വവുമെന്നാണ് പറയാനുള്ളത്. കര്‍ണാടകയില്‍ നിന്നുള്ള ചില ബിജെപി നേതാക്കള്‍ തെലങ്കാനയില്‍ വന്ന് എങ്ങനെ ഭരണം നടത്തണമെന്ന് സര്‍ക്കാരിനെ പഠിപ്പിക്കുകയാണ്. കെ ടി രാമറാവു പറഞ്ഞു. തെലങ്കാന രാഷ്ട്ര സമിതിയുടെ അധ്യക്ഷനാണ് രാമറാവു. ബെംഗളൂരുവിലെ ടെക് സ്റ്റാര്‍ട്ടപ്പുകളോട് ബിസിനസ് അവസാനിപ്പിച്ച് ഹൈദരാബാദിലേക്ക് മാറാന്‍ റാവു പറഞ്ഞിരുന്നു. ഇതിന് ശേഷമായിരുന്നു കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെകുറിച്ച് ശിവകുമാര്‍ ട്വീറ്റ് ചെയ്തത്.
ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യവസായി രവീഷ് നരേഷ് പരാതികളുന്നയിച്ചിരുന്നു.കോറമംഗലയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് കോടിക്കണക്കിന് ഡോളറാണ് നികുതിയായി നല്‍കുന്നത്. പക്ഷേ ഇത്രയധികം ടാക്‌സ് കൊടുത്തിട്ടും ഏറ്റവും മോശം റോഡുകളും വൈദ്യുതിയുടെയും വെള്ളത്തിന്റെയും ദൗര്‍ലഭ്യതയുമാണ് ഞങ്ങള്‍ക്ക് തിരിച്ചുകിട്ടുന്നതെന്നായിരുന്നു പരാതി.