കൊച്ചി : സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം തുറന്നുപറയാൻ കേരളത്തിൽ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് നടി റിമ കല്ലിങ്കൽ. ഇന്റേണൽ കമ്മിറ്റി എന്ന സംവിധാനം എളുപ്പം നടപ്പിലാക്കാൻ സാധിക്കുന്ന ഒന്നാണെന്നും നടിയും നിർമ്മാതാവുമായ റിമ പറഞ്ഞു. റിജ്യണൽ ഐഎഫ്എഫ്കെയുടെ ഭാഗമായി കൊച്ചിയിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് റിമയുടെ പ്രതികരണം. വൈറസ് എന്ന സിനിമയിൽ ഇന്റേണൽ കമ്മിറ്റി ഫോം ചെയ്തിരുന്നു. ഐസി എന്ന ആലോചന നടക്കുന്ന സമയമായിരുന്നു അത്. മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. ഒരു ആക്ടിവിസ്റ്റായ മുതിർന്ന സ്ത്രീയായിരിക്കണം അവർക്ക് നിയമം അറിഞ്ഞിരിക്കണമെന്നും റിമ പറഞ്ഞു. ലൈംഗിക അതിക്രമം എന്നതിൽ മാത്രം ഇതിനെ ഒതുക്കാനാവില്ലെന്നും തൊഴിലിടം കളങ്ക രഹിതമാകണമെന്ന മാനസ്സികാവസ്ഥ മാത്രമാണ് വേണ്ടതെന്നും റിമ കൂട്ടിച്ചേർത്തു.
ഒരു സിനിമാ സെറ്റിൽ ഓന്നോ രണ്ടോ സ്ത്രീകൾ മാത്രമേ കാണൂ. അതുകൊണ്ടാണ് ഐസി വേണമെന്ന് ഡബ്ല്യൂസിസി സമ്മർദ്ദം ചെലുത്തുന്നത്. അത് ഈ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും വേണ്ടിയാണ്. തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തെ കുറിച്ച് എല്ലാ യൂണിയനും കൃത്യമായ ക്ലാസെടുക്കാൻ മുന്നിട്ടിറങ്ങണമെന്നും റിമ ആവശ്യപ്പെട്ടു.
ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെറ്റിന്റെ സൈഡില്‍നിന്ന് വരുന്ന കമന്റുകൾ, ജോലി ലഭിക്കാതിരിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള സംസാരം ഇവയെല്ലാം ഈ വിഭിഗത്തിൽ പെടുമെന്ന് വൈശാഖ മാർഗനിർദ്ദേങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ യൂണിയനുകളും അംഗത്വ വരിസംഖ്യ വാങ്ങുന്നതിനൊപ്പം അതിക്രമങ്ങൾക്കെതിരായ മാർഗനിർദ്ദേശങ്ങളും അറിവുകളും നൽകാനുള്ള ഉത്തരവാദിത്വവും കാണിക്കണമെന്നം റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു.