ദില്ലി: പാചകവാതക- ഇന്ധന വിലവര്‍ധനയില്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോകസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. വിഷയം ചർച്ച ചെയ്യാന്‍ ആവില്ലെന്ന ലോകസഭയില്‍ സ്പീക്കര്‍ ഓം ബിര്‍ള നിലപാട് എടുത്തതോടെ എംപിമാര്‍ നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, ഡിഎംകെ, എൻസിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെ എംപിമാരാണ് വിലക്കയറ്റത്തില്‍ പ്രതിഷേധമുയർത്തിയത്. രണ്ട് തവണ ചേർന്നെങ്കിലും പ്രതിഷേധം തുടർന്നതിനാല്‍ ലോകസഭ രണ്ട് മണിവരെ നിര്‍ത്തി.
ഇന്നലെ മുഴുവന്‍ നേരം തടസ്സപ്പെട്ട രാജ്യസഭയില്‍ ഇന്നും തുടക്കം മുതല്‍ തന്നെ പ്രതിഷേധമായിരുന്നു. എന്നാല്‍ വിലക്കയറ്റം ധനബില്‍ സമയത്ത് ചർച്ച ചെയ്ത്താണെന്നും ഇനി ചർച്ചയില്ലെന്നുമായിരുന്നു വെങ്കയ്യ നായിഡുവിന്‍റെ നിലപാട്. പിന്നാലെ സഭ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭ ചേരുന്നതിന് മുന്നോടിയായി ഇന്ന് ബിജെപിയും കോണ്‍ഗ്രസും പാർലമെന്‍ററി പാര്‍ട്ടി യോഗം ചേർന്നിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷാ അടക്കമുളളവരുമായി പ്രധാനമന്ത്രി സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് പ്രത്യേകം ചർച്ച നടത്തി.