തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് അതിവേഗ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വകുപ്പുതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളെ വളച്ചൊടിച്ച് മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ആരോഗ്യവകുപ്പ്.
ആഗസ്തോടെ ആരോഗ്യവകുപ്പില്‍ പൂര്‍ണമായും ഇ–ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ഡയറക്ടറേറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇ- ഓഫിസ്, സ്പാര്‍ക്കുവഴിയുള്ള ജീവനക്കാര്യം, പഞ്ചിങ്, ഓണ്‍ലൈന്‍ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സീനിയോറിറ്റി പട്ടിക തയ്യാറാക്കല്‍, അവധി ക്രമപ്പെടുത്തല്‍ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ജീവനക്കാരുടെ പരാതികള്‍, അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ തുടങ്ങിയവ ലഘൂകരിക്കുന്നതിനുള്ള വകുപ്പുതല നിര്‍ദേശങ്ങളും ഇതിന്റെ ഭാഗമായി നല്‍കുന്നുണ്ട്.
ജീവനക്കാരുടെ പ്രവര്‍ത്തനവീര്യം കെടുത്തുന്ന ഒരു നിര്‍ദേശവും ഇതിന്റെ ഭാഗമായി നല്‍കിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രശംസകള്‍ നിരന്തരം ലഭിക്കുന്ന ആരോഗ്യവകുപ്പ് നിപാ, കോവിഡ് തുടങ്ങിയ പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടിയും ആര്‍ദ്രം പദ്ധതിയിലൂടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും മികച്ച സേവനം ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്- ആരോഗ്യവകുപ്പ് വ്യക്തമാക്കി.