കോഴിക്കോട് : കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നത് ഷൊര്‍ണൂരുകാരിയായ ഗൗരി ലക്ഷ്മിക്ക് വേണ്ടി. ഇന്ന് ലഭിക്കുന്ന കളക്ഷന്‍ തുക, സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നര വയസുകാരി ഗൗരിയുടെ ചികിത്സാ ധനസഹായം ലഭ്യമാക്കാനാണ് വിനിയോഗിക്കുക. അഞ്ചര കോടി രൂപയാണ് ഇതുവരെ ധനസഹായമായി ലഭിച്ചത്. പതിനാറ് കോടി രൂപയാണ് മരുന്നിന് മാത്രം സമാഹരിക്കേണ്ടത്.
മെയ് മാസത്തിന് മുന്‍പ് വിദേശത്ത് നിന്ന് മരുന്നെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബവും നാട്ടുകാരും. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകളാണ് ഒന്നരവയസുകാരി ഗൗരി ലക്ഷ്മി. അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. മരുന്നിനായി ഇതിനോടകം പണം കണ്ടെത്താനുള്ള ധനസമാഹരണം ആരംഭിച്ചുകഴിഞ്ഞു. ഇനിയും വേണം 11 കോടി രൂപ.
ഇരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ബെംഗളൂരുവില്‍ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. രണ്ട് വയസാകുന്നതിന് മുന്‍പ് ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തിച്ച് ചികിത്സ നല്‍കണം. സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ഗൗരിയുടെ മാതാപിതാക്കള്‍.