ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിന് രാഷ്ട്രീയനിറം നൽകാനുള്ള ശ്രമം നിർഭാഗ്യകരമാണെന്ന് ജയശങ്കർ ലോക്സഭയിൽ പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തെ അലപപിക്കുന്നതായി അറിയിച്ച ജയശങ്കർ, നിരപരാധികളെ കൊന്നൊടുക്കിയും രക്തം ചിന്തിയും ഒരു പ്രശ്നവും പരിഹരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാടെന്നും വ്യക്തമാക്കി.
ഇതുവരെ ഒരു രാജ്യം പോലും ഇത്രയേറെ ആളുകളെ മറ്റൊരു രാജ്യത്തുനിന്ന് ഒഴിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ ‘ഓപ്പറേഷൻ ഗംഗ’യെ സൂചിപ്പിച്ച് ജയശങ്കർ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടൽ സമാനതകളില്ലാത്തതാണ്. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും അദ്ദേഹം യോഗങ്ങൾ വിളിപ്പിച്ചും ഒഴിപ്പിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചും നിർണായക പങ്കുവഹിച്ചു. നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്ന്റെ അയൽരാജ്യങ്ങളിൽ പോയി തമ്പടിച്ചതുകൊണ്ടാണ് ഇത്രയധികം പേരെ ഒഴിപ്പിക്കാൻ ഇന്ത്യയ്ക്കായത്. തീർത്തും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ഇന്ത്യ നടത്തിയ ഒഴിപ്പിക്കൽ നടപടി മറ്റു രാജ്യങ്ങൾക്കും പ്രചോദനമായെന്നും ജയശങ്കർ അവകാശപ്പെട്ടു.
‘‘റഷ്യ–യുക്രയ്ൻ യുദ്ധത്തിൽ ഇന്ത്യ ഒരു പക്ഷം പിടിച്ചിട്ടുണ്ടെങ്കിൽ, അത് സമാധാനത്തിന്റെ പക്ഷമാണ്. യുക്രെയ്നിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ കൈക്കൊണ്ട നിലപാടിന് രാഷ്ട്രീയ നിറം നൽകുന്നത് നിർഭാഗ്യകരമാണ്.’ – ലോക്സഭയിൽ ബജറ്റ് സെഷനിൽ സംസാരിക്കുമ്പോൾ ജയശങ്കർ പറഞ്ഞു.
‘‘ഇന്ത്യ എക്കാലവും യുദ്ധത്തിന് എതിരാണെന്ന് ആദ്യമേ തന്നെ പറയട്ടെ. രക്തം ചൊരിഞ്ഞും നിരപരാധികളെ കൊന്നൊടുക്കിയും ഒരു പ്രശ്നവും പരിഹരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ ആധുനിക കാലത്ത് ചർച്ചയും നയതന്ത്രവുമാണ് എല്ലാ തർക്കങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങൾ.’ – ജയശങ്കർ വിശദീകരിച്ചു.
യുക്രെയ്നിലെ ബുച്ചയിൽ നടന്ന കൂട്ടക്കുരുതിയെ ഇന്ത്യ ഒറ്റക്കെട്ടായി അപലപിച്ചതിനു പിന്നാലെയാണ്, യുദ്ധമല്ല തർക്കങ്ങൾക്കുള്ള പരിഹാരമെന്ന് കേന്ദ്രമന്ത്രി ലോക്സഭയിൽ വിശദീകരിച്ചത്. ബുച്ചയിൽനിന്നുള്ള ദൃശ്യങ്ങൾ മനസ്സു മടുപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ, കഴിഞ്ഞ ദിവസം വരെ റഷ്യൻ നിയന്ത്രണത്തിലായിരുന്ന ബുച്ചയിൽനടന്ന പ്രശ്നങ്ങളിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
‘‘യുക്രെയ്നിലെ ബുച്ചയിൽ നടന്ന കൂട്ടക്കുരുതിയുടെ കാര്യം ഒട്ടേറെ എംപിമാർ ഉയർത്തിക്കാട്ടിയിരുന്നു. അവിടെനിന്നുള്ള റിപ്പോർട്ടുകൾ തീർച്ചയായും മനസാക്ഷി മരവിപ്പിക്കുന്നതാണ്. അവിടെ നടന്ന കൂട്ടക്കുരുതിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. മാത്രമല്ല, ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് ഇന്ത്യയുടെ നിലപാട്.’ – ജയശങ്കർ ലോക്സഭയിൽ പറഞ്ഞു.