ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്താകുമെന്ന് മുതിർന്ന നേതാവ് കെ.വി. തോമസിനു മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ‘പാർട്ടിക്കു പുറത്തെങ്കിൽ പുറത്ത്’ എന്ന് തീരുമാനിച്ചാൽ മാത്രമേ കെ.വി. തോമസിന് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനാകൂ എന്ന് സുധാകരൻ വ്യക്തമാക്കി. കോൺഗ്രസുകാരുടെ ചോരവീണ മണ്ണിൽ ചവിട്ടി സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾ എത്തില്ലെന്ന പ്രതീക്ഷ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കുവച്ചു.
‘‘വിലക്കു ലംഘിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇതെല്ലാം കെ. സുധാകരനും ബാധകമാണ്. പാർട്ടി തീരുമാനം ലംഘിച്ചാൽ കെ. സുധാകരനും ബാധകമാകുന്ന നടപടി ആർക്കെതിരെയും ഉണ്ടാകും. പാർട്ടിക്കു പുറത്തുപോകാനുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ ഈ പരിപാടിയിൽ കെ.വി. തോമസ് പങ്കെടുക്കൂ. അല്ലെങ്കിൽ പങ്കെടുക്കാനാകില്ല. പുറത്തെങ്കിൽ പുറത്ത് എന്ന് തീരുമാനമെടുത്താൽ ഈ പരിപാടിയിൽ പങ്കെടുക്കാം. അദ്ദേഹത്തിന് അങ്ങനെയൊരു മനസ്സില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്’ – സുധാകരൻ ഡൽഹിയിൽ പറഞ്ഞു.
‘‘സിപിഎം സെമിനാറിൽ കെ.വി. തോമസ് പങ്കെടുക്കില്ലെന്നു തന്നെയാണ് പ്രതീക്ഷ. ഇന്നു രാവിലെയും അദ്ദേഹത്തോടു സംസാരിച്ചിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ചിലപ്പോൾ സസ്പെൻസ് നിലനിർത്തുന്നത് അദ്ദേഹത്തിന്റെ തന്ത്രമായിരിക്കും’ – സുധാകരൻ ചൂണ്ടിക്കാട്ടി.കെ.വി. തോമസ് കോൺഗ്രസ് വിരുദ്ധ നിലപാടെടുക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. കോൺഗ്രസുകാരുടെ ചോരവീണ മണ്ണിൽ ചവിട്ടി സിപിഎം പരിപാടിയിൽ നേതാക്കളെത്തില്ലെന്നും സതീശൻ പറഞ്ഞു.