ചൈന: ചൈനയിലെ വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നു മനുഷ്യരിലേക്ക് പകര്‍ന്നതാണെന്നാണ് ഇതു വരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. മുന്‍പ് കേരളത്തില്‍ നിപ വൈറസ് പടര്‍ന്നപ്പോഴും അത് വവ്വാലുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് കണ്ടെത്തിയിരുന്നു. കൊറോണയും നിപയും മാത്രമല്ല പല തരത്തിലുള്ള മൃഗജന്യ രോഗങ്ങളുടെ ഉറവിടമായി വവ്വാലുകള്‍ മാറാമെന്ന് അടുത്തിടെ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു.
മനുഷ്യര്‍ക്ക് വരുന്ന പകര്‍ച്ചവ്യാധികളില്‍ 75 ശതമാനവും മൃഗജന്യമാണ്. ഇവയില്‍ പലതും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2002 മുതല്‍ തന്നെ വവ്വാലുകളില്‍ നിന്നുള്ള വൈറസുകള്‍ പലതരം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നുണ്ട്. വവ്വാലുകളുടെ പ്രതിരോധ സംവിധാനം വൈറസുകളെയും ബാക്ടീരിയകളെയും മറ്റ് അണുക്കളെയുമെല്ലാം മാസങ്ങളോളം കൊണ്ട് നടക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനാല്‍ ദീര്‍ഘകാലയളവിലേക്ക് വൈറസുകളെ പുറത്തേക്ക് വിടാന്‍ ഇവയ്ക്ക് സാധിക്കും.
പക്ഷികളും എലികളും മറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപകടകരമായ പല മൃഗജന്യ വൈറസുകളും വവ്വാലുകള്‍ കൊണ്ടുനടക്കുന്നതായി പഠനങ്ങള്‍ പറയുന്നു. പറക്കാന്‍ കഴിയുന്ന ഏക സസ്തനിയാണ് വവ്വാല്‍. പറക്കാനുള്ള ഈ കഴിവാണ് വവ്വാലുകളിലെ വൈറസ് സഹിഷ്ണുതയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പേവിഷബാധ, ഹിസ്റ്റോപ്ലാസ്‌മോസിസ്, സാല്‍മോണല്ലോസിസ്, യെര്‍സിനിയോസിസ് തുടങ്ങിയ പല മൃഗജന്യ രോഗങ്ങളുമായും വവ്വാലുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. നിപ്പയ്ക്കും കൊറോണയ്ക്കും പുറമേ ഹെന്‍ഡ്ര വൈറസിന്റെയും എബോള വൈറസിന്റെയുമെല്ലാം വാഹകരും കൂടിയാണ് വവ്വാലുകള്‍. പേന്‍, ചെള്ള്, ചിലതരം പ്രാണികള്‍ തുടങ്ങിയവ അണുക്കളെ ചിലപ്പോള്‍ വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പരത്താമെന്നും ഗവേഷകര്‍ പറയുന്നു. പിഎന്‍എഎസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.