കാസർകോട് : കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണനാണ് (64) മരിച്ചത്. ശക്തമായ കാറ്റിൽ പൊട്ടിവീണ കമ്പിയിൽ ബൈക്ക് തട്ടിയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ശക്തമാവുകയാണ്.13 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയും കാറ്റും വീശിയടിച്ചത്. കൊല്ലം പുനലൂരിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി. കോട്ടവട്ടം സ്വദേശി സുരേഷിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. വയനാട് മീനങ്ങാടിയിൽ അഞ്ച് വീടുകളുടെ മേൽക്കൂരകളാണ് തകർന്നത്.
എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. പെരുമ്പാവൂരിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. വൈകുന്നേരം നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. പലയിടത്തും കാറ്റ് വീശിയടിച്ചത് കൃഷിനാശമുണ്ടാക്കി. ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി. കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണിയില്‍ ശക്തമായി കാറ്റില്‍ ആറു കുടുംബങ്ങളുടെ കിടപ്പാടം തകര്‍ന്നു. വൈകിട്ട് ഉണ്ടായ കാറ്റില്‍ മണലില്‍ പാറുക്കുട്ടി, ചക്കുംപൊട്ടയില്‍ സി.എ. ഷിജു, സഹോദരന് ഷിബു എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും പറന്നു പോയി. കുട്ടികളുടെ പാഠ പുസ്തകങ്ങളും വസ്ത്രങ്ങളും നനഞ്ഞു നശിച്ചു.