വേനല്‍ക്കാലമാകുമ്പോള്‍ നമ്മളെപ്പോഴും തണുത്ത പാനീയങ്ങളെയും ഐസ്ക്രീം പോലുള്ള തണുപ്പുള്ള വിഭവങ്ങളെയുമെല്ലാം ആശ്രയിക്കാറുണ്ട്. അതുപോലെ തണുപ്പ് കാലമാണെങ്കില്‍ ചൂട് ചായ പോലുള്ളവയെയും ആശ്രയിക്കും. കാലാവസ്ഥയ്ക്കും അഭിരുചിക്കുമെല്ലാം അനുസരിച്ചാണ് നാം ഇത്തരത്തില്‍ കഴിക്കാനുള്ള വിഭവങ്ങള്‍ തെരഞ്ഞെടുക്കാറ്. എന്നാല്‍ അമിതമായി തണുപ്പും ചൂടുമുള്ള ഭക്ഷണ-പാനീയങ്ങള്‍ കഴിക്കും മുമ്പ് പല്ലിന്റെ ആരോഗ്യത്തെ കുറിച്ച് കൂടി കാര്യമായി ചിന്തിക്കേണ്ടതുണ്ട്. പല്ലിന്റെ ഏറ്റവും പുറമെയുള്ള പാളിയായ ഇനാമല്‍ ഇല്ലാതായിപ്പോകുന്നതാണ് പ്രധാനമായും പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. അമിതമായ തണുപ്പുള്ളതോ ചൂടുള്ളതോ ആയ ഭക്ഷണ-പാനീയങ്ങള്‍ ഇനാമലിനെ പെട്ടെന്ന് തന്നെ നശിപ്പിക്കും.
വായ ശുചിയായി സൂക്ഷിക്കാത്തത്, പല്ലിന്റെ ഘടനാപരമായ പ്രശ്നങ്ങള്‍, മോണരോഗങ്ങള്‍ എല്ലാം പല്ലിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കാം. എന്നാല്‍ ഭക്ഷണപാനീയങ്ങള്‍ മൂലം പല്ല് ക്ഷയിച്ചുപോകുന്ന കേസുകളാണ് അധികവും. ഇത്തരത്തില്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട- അല്ലെങ്കില്‍ ഒഴിവാക്കേണ്ട ചിലതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
തണുത്ത പാനീയങ്ങള്‍: ഫ്രിഡ്ജില്‍ വച്ച് നല്ലതുപോലെ തണുപ്പിച്ചെടുത്ത പാനീയങ്ങള്‍ അപ്പാടെ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും ഉപേക്ഷിക്കുക. പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാനും, പല്ലില്‍ പോട് ഉണ്ടാകാനും മോണരോഗം അടക്കമുള്ള രോഗങ്ങള്‍ പിടിപെടാനുമെല്ലാം ഇത് കാരണമാകാം.
രണ്ട്…
അമിതമായി ചൂടുള്ള പാനീയങ്ങള്‍: പൊതുവില്‍ ‘സെന്‍സിറ്റീവ്’ ആയ പല്ലുകളുള്ളവരാണെങ്കില്‍ അവര്‍ക്ക് അമിതമായി ചൂടുള്ള പാനീയങ്ങള്‍ പെട്ടെന്ന് തന്നെ പ്രശ്നം സൃഷ്ടിക്കും. കടുത്ത വേദന അനുഭവപ്പെടുന്നതിനും പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനുമെല്ലാം ഇത് കാരണമാകും.
മൂന്ന്…
മധുരം: പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊന്ന് മധുരപലഹാരങ്ങളാണ്. മിഠായികള്‍, കേക്ക്, ബേക്കറികള്‍ പോലുള്ള പലഹാരങ്ങള്‍ പതിവായി കഴിക്കുന്നത് തീര്‍ച്ചയായും ‘സെന്‍സിറ്റീവ്’ പല്ലുകളുള്ളവരെ ബാധിക്കും. അതിനാല്‍ മധുരപലഹാരങ്ങളുടെ ഉപയോഗം എപ്പോഴും മിതപ്പെടുത്തുക.
നാല്…
അസിഡിക് ഭക്ഷണം: ആസിഡ് അംശം കാര്യമായി അടങ്ങിയ ഭക്ഷണ-പാനീയങ്ങളും പരമാവധി മിതപ്പെടുത്തുക. ഇവയും പല്ലിന് കാര്യമായ കേടുപാടുകളുണ്ടാക്കും. ഇനാമലിന് തന്നെയാണ് ഇവ പ്രധാനമായും പ്രശ്നമുണ്ടാക്കുക. ശീതളപാനീയങ്ങളാണെങ്കിലും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കുക.