ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. വിവാഹ പ്രായം ഉയർത്താനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്നും ഇ ടി ആരോപിക്കുന്നു. ബിൽ പാസായാൽ നിരവധി നിയമങ്ങളിൽ മാറ്റം വരുമെന്നും നിരവധി സങ്കീർണതകൾ ഉണ്ടാക്കുമെന്നുമാണ് മുസ്ലീം ലീഗ് നേതാവ് പറയുന്നത്.പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിന് വ്യക്തമായ കാരണം സർക്കാർ നൽകുന്നില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി. വ്യക്തി നിയമങ്ങളെ തകർക്കാനുള്ള ബിജെപി അജണ്ടയാണിതെന്നാണ് ആരോപണം. മൗലിക അവകാശത്തെ ഹനിക്കാൻ സർക്കാരിന് അവകാശമില്ലെന്നും ഇ ടി പറയുന്നു.
നിയമം കൊണ്ടു വരുന്നതിന് ആരോഗ്യപരമായോ സാമുഹ്യപരമയോ കാരണങ്ങൾ ഇല്ലെന്നാണ് വാദം. ലോകത്ത് 158 രാജ്യങ്ങളിൽ വിവാഹ പ്രായം 18 ആണെന്നും പതിനെട്ട് തികഞ്ഞവരെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ചിട്ട് വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത് പരിഹാസ്യമായ നിലപാടാണെന്നും ഇ ടി മുഹമ്മദ് ബഷീർ പറയുന്നു. സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുമെന്നത് ബാലിശമായ ചിന്താഗതിയാണെന്നാണ് ഇ ടി യുടെ പരിഹാസം. സ്തീകളുടെ വിവാഹപ്രായം 21 ആക്കുന്നതിൽ നേരത്തെ തന്നെ ലീഗിന് എതിരഭിപ്രായമാണ് ഉള്ളത്. കേന്ദ്ര സർക്കാരിന് നീക്കം ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി നിലപാടെടുത്തിരുന്നു.
കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകളെ ലംഘിച്ച് കൊണ്ട് ഏകപക്ഷീയമായി നിയമങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണിതെന്നാണ് വിമർശനം. യാതൊരു പഠനവും നടത്താതെ നടക്കുന്ന നിയമ നിർമാണങ്ങൾ സമൂഹത്തിന്റെ പുരോഗതിയെ സാരമായി ബാധിക്കുന്നുവെന്നും ലീഗ് നിലപാടെടുത്തിരുന്നു. ഭരണഘടനാ വിരുദ്ധമായ പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗത്തിന്റെ തീരുമാനം.