ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയുടെ വൈദ്യുതി വിതരണ ശൃംഖലയിൽ നുഴഞ്ഞുകയറാൻ ചൈനീസ് ഹാക്കർമാർ ലക്ഷ്യമിട്ടതായി റിപ്പോർട്ട്. യുഎസിലെ റെക്കോർഡഡ് ഫ്യൂച്ചർ എന്ന സ്വകാര്യ സൈബർ സെക്യൂരിറ്റി കമ്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നതിനു മുൻപ് കേന്ദ്ര സർക്കാരിനെ ഇക്കാര്യം അറിയിച്ചിരുന്നെന്നും അവർ പറഞ്ഞു. അതേസമയം, കേന്ദ്രം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചില്ല.
ഓഗസ്റ്റ് മുതൽ മാർച്ച് വരെ എട്ടു മാസങ്ങളോളം നുഴഞ്ഞുകയറാൻ ശ്രമിച്ചു. ഉത്തരേന്ത്യയിലെ ഏഴ് ലോഡ് ഡെസ്പാച്ച് കേന്ദ്രങ്ങളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. ഭാവിയിലെ ആവശ്യങ്ങൾക്കായി വിവരം ശേഖരിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. ടാഗ് – 38 (TAG-38) എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന ഹാക്കിങ് സംഘം ഷാഡോപാഡ് എന്ന വിനാശകരമായ സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു ചൈനീസ് സൈന്യവും സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവും ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വവെയറാണ്. ഇക്കാര്യത്തിൽ ചൈന പ്രതികരിച്ചിട്ടില്ല. നിലവിൽ ഇന്ത്യയ്ക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങളിൽ പങ്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.