കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ, അതിജീവിതയുടെ പരാതിയിൽ പ്രതി നടൻ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചു. അതിജീവിത നൽകിയ പരാതിയിലാണ് നടപടി. മറുപടി ആവശ്യപ്പെട്ട് ബി.രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കു നോട്ടിസ് അയയ്ക്കാനാണ് തീരുമാനം. മറുപടി ലഭിച്ച ശേഷമായിരിക്കും തുടർനടപടി എന്തായിരിക്കണം എന്ന തീരുമാനം ഉണ്ടാകുക.
അഭിഭാഷകർക്കു നോട്ടിസ് നൽകുമെന്ന് ബാർ കൗൺസിൽ ചെയർമാൻ നേരത്തേ അറിയിച്ചിരുന്നു. അതിജീവിത നൽകിയ പരാതി നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തേ തിരിച്ചയച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ പരാതി നൽകിയതോടെയാണ് നോട്ടിസ് നൽകുന്നതിനുള്ള തീരുമാനം. പരാതിക്കാരിയിൽ നിന്നു കുടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ സ്വീകരിച്ച ശേഷമായിരിക്കും അച്ചടക്ക നടപടി ശുപാർശ പോലെയുള്ളവയിലേക്കു കടക്കുക.