ഇടുക്കി: മൂന്നാറില്‍ വന്യമ്യഗശല്യം രൂക്ഷമാകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് പ്രതിഷേധ ധര്‍ണ നടത്തി. മൂന്നാര്‍ ടൗണിലും തോട്ടംമേഖലയിലടക്കം വന്യമ്യഗ ശല്യം രൂക്ഷമാകുന്നതില്‍ പ്രതിഷേധം ശക്തമാക്കുകയാണ് ജനപ്രതനിധികളും പ്രദേശവാസികളും.
കാട്ടാനയും കാട്ടുപോത്തും പുലിയുമടക്കം തൊഴിലാളികളുടെ പശു ആട് കോഴി എന്നിവയെ കൊല്ലുന്നത് പതിവായതോടെ പ്രശ്‌നത്തില്‍ വനപാലകര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രതിനിധികള്‍ വനപാലകര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പുലിയെ കൂടുവെച്ച് പിടിച്ച് കാട്ടിലേക്ക് അയക്കണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം. എന്നാല്‍ പ്രശ്‌നത്തില്‍ വനപാലകര്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല.
മാറ്റിടങ്ങളില്‍ നിന്നും പിടികൂടുന്ന പുലിയെ അടക്കം മൂന്നാറിലെ തോട്ടംമേഖലയില്‍ എത്തിച്ച് തുറന്നുവിടുകയാണ് ചെയ്യുന്നതെന്ന് പഞ്ചായത്ത് ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച സി പി ഐ ജില്ലാ കമ്മറ്റി അംഗം ജി എന്‍ ഗുരുനാഥന്‍ പറഞ്ഞു. പാര്‍ട്ട് മണ്ഡലം സെക്രട്ടറി പി പളനിവേല്‍, അഡ്വ. ചന്ദ്രപാല്‍, ഗോവിന്ദസ്വാമി, കാമരാജ്, മുരുകന്‍, എം വൈ ഔസേപ്പ്, മൂന്നാര്‍ ദേവികുളം പഞ്ചായത്ത് പ്രസിഡന്റ്മാരായ പ്രവീണ രവികുമാര്‍, കവിത കുമാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഭവ്യകണ്ണന്‍ എസി ഡിസി എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.