ലഖ്നൗ: ലഖ്നൗവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സഹോദരിക്ക് മാരകമായി കടിയേറ്റു. ലഖ്നൗവിലെ താക്കൂർഗഞ്ച് മുസാഹിബ്ഗഞ്ച് പ്രദേശത്താണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ 20ലധികം തെരുവ് നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. മുഹമ്മദ് ഹൈദർ എന്ന കുട്ടിയാണ് മരിച്ചത്.
സഹോദരി ജന്നത്തിനെ (5) ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. തെരുവ് നായ്ക്കൾ പ്രദേശവാസികൾക്ക് ഭീഷണിയാണെന്ന് പലതവണ പരാതിപ്പെട്ടിട്ടും ലഖ്നൗ മുനിസിപ്പൽ കോർപ്പറേഷൻ (എൽഎംസി) നടപടിയും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
നായ്ക്കളുടെ വന്ധ്യംകരണത്തെ മൃഗസ്നേഹികളുടെ എൻജിഒകൾ എതിർക്കുന്നതിനാൽ നായ്ക്കളെ പിടിക്കാൻ കഴിയില്ലെന്ന് അധികൃതർ പ്രതികരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികൃതർക്കുമെതിരെ മരിച്ച കുട്ടിയുടെ പിതാവ് താക്കൂർഗഞ്ച് പൊലീസിൽ പരാതി നൽകി.