കൊച്ചി: കെ. റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാറിനോട് കൂടുതൽ ചോദ്യങ്ങളുമായി ഹൈകോടതി. കെ. റെയിലിൽ മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നതെന്ന് അറിയിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനം നടത്തുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇതിന്‍റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്നതിനെ വിമർശിച്ചു. കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്നമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര, സംസ്ഥാന സംയുക്ത സംരംഭമെന്ന നിലയിലാണ് കെ റെയിൽ വിഷയത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈകോടതി വിശദീകരണം തേടിയത്.
സിംഗ്ൾ ബെഞ്ച് പരിഗണിച്ച ഹരജി പ്രകാരം നാലു കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്. മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നത്, സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമുള്ളതാണോ, പുതുച്ചേരിയിലൂടെ റെയിൽ കടന്നു പോകുന്നുണ്ടോ എന്നീ കാര്യങ്ങൾക്കാണ് കേന്ദ്രം മറുപടി നൽകേണ്ടത്. കോടതിക്ക് മുമ്പാകെ നാളെ മറുപടി നൽകണമെന്നും സിംഗ്ൾ ബെഞ്ച് ഉത്തരവിട്ടു.
ഭൂമിയിൽ സർവേകല്ലുകൾ കണ്ടാൽ ബാങ്കുകൾ വായ്പ നൽകാൻ മടിക്കില്ലേന്ന് കോടതി ചോദിച്ചു. വായ്പ നൽകണമെന്ന തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാറിന് സാധിക്കുമോ എന്ന് വാക്കാൻ പരാമർശവും സിംഗ്ൾ ബെഞ്ച് നടത്തി.