കണ്ണൂർ: സിൽവർലൈനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തുമ്പോൾ, പദ്ധതി നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച പാർട്ടി കോൺഗ്രസിലെ സെമിനാറിലേക്കു കോൺഗ്രസിന്റെ മുതിർന്ന നേതാവിനെ എത്തിക്കാൻ കഴിഞ്ഞത് സിപിഎമ്മിനു രാഷ്ട്രീയ നേട്ടമായി; കോൺഗ്രസിനു താൽക്കാലിക ക്ഷീണവും. കോൺഗ്രസോ, പാർട്ടി കോൺഗ്രസോ എന്ന ചോദ്യത്തിനു കെ.വി.തോമസ് നൽകിയ ഉത്തരം കോൺഗ്രസിനെ സാരമായി ബാധിക്കുന്നത്, പാർട്ടി സ്വീകരിച്ച രാഷ്ട്രീയ തീരുമാനം മുതിർന്ന നേതാവ് തന്നെ അട്ടിമറിക്കുന്നതിലൂടെയാണ്.
ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒരു രാഷ്ട്രീയ വിഷയം ചർച്ച ചെയ്യുന്ന സെമിനാറിൽ നിന്നു മുതിർന്ന നേതാവിനെ വിലക്കിയത് സിപിഎം രാഷ്ട്രീയ ആയുധമാക്കുമെന്നുറപ്പ്. ബിജെപിയെ ബാധിക്കുന്ന ഒന്നും കോൺഗ്രസ് ചെയ്യില്ലെന്ന ആരോപണം സിപിഎം നേതാക്കള്‍ ഉയർത്തിക്കഴിഞ്ഞു. സിൽവർലൈൻ വിഷയത്തിൽ കോൺഗ്രസ് ശക്തമായി സമരമുഖത്ത് നിൽക്കുന്ന ഘട്ടത്തിലാണ് സിപിഎമ്മിന്റെ സെമിനാർ വേദിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കേണ്ടെന്നു പാർട്ടി തീരുമാനിച്ചത്. കണ്ണൂരിലാണ് സിപിഎം ഏറ്റവുമധികം രാഷ്ട്രീയ സംഘർഷങ്ങൾ കോൺഗ്രസിനെതിരെ നടത്തുന്നതെന്ന വാദവും പാർട്ടി ഉയർത്തി. ശശി തരൂർ അടക്കമുള്ള നേതാക്കൾ സിപിഎം സമ്മേളനങ്ങളിൽനിന്നു വിട്ടുനിൽക്കാനുള്ള പാർട്ടി തീരുമാനം അംഗീകരിച്ചെങ്കിലും ഏറെക്കാലമായി പാർട്ടിയിൽ അസ്വസ്ഥനായിരുന്ന കെ.വി.തോമസ് പാർട്ടി തീരുമാനം ലംഘിച്ചു. സംസ്ഥാന നേതൃത്വത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നാണ് എഐസിസി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. സസ്പെൻഷൻ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. സെമിനാറിൽ പങ്കെടുത്താൽ അത് പുറത്താക്കലിലേക്കു നയിച്ചേക്കാം.
കെ.വി.തോമസ് സെമിനാറിൽ പങ്കെടുക്കുന്നതു സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്നതിനു മുൻപ് തന്നെ സിപിഎം പ്രകടിപ്പിച്ച ആത്മവിശ്വാസം ശരിയായതിനു പിന്നിൽ ചില രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന് കോൺഗ്രസ് നേതൃത്വം സംശയിക്കുന്നു. സിപിഎം സ്വതന്ത്രനായി കെ.വി.തോമസ് എത്തുമെന്നാണു വിലയിരുത്തൽ. എന്നാൽ, ഇപ്പോഴത്തെ നീക്കങ്ങൾക്കു പിന്നിലെ രാഷ്ട്രീയ രസതന്ത്രം രസതന്ത്ര അധ്യാപകനായ കെ.വി.തോമസിനു മാത്രം നിലവിൽ അറിയാവുന്ന കാര്യമാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇനി നിലനിൽപ്പില്ലെന്ന തോന്നൽ ഈ തീരുമാനത്തിനു പിന്നിലുണ്ടാകാം.
2019 ൽ കെ.വി. തോമസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് അതൃപ്തിയുടെ ആരംഭം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കെപിസിസി വർക്കിങ് പ്രസിഡന്റായെങ്കിലും വൈകാതെ മാറേണ്ടിവന്നു. സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടിയിൽനിന്നു പുറത്തുപോയിരുന്നെങ്കിൽ സ്ഥാനമോഹിയെന്ന ആരോപണം ഉയർന്നേനെ. ബിജെപിക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തേണ്ട സാഹചര്യത്തിലാണ് സെമിനാറിൽ പങ്കെടുക്കുന്നതെന്ന വാദമുയർത്തി എതിർശബ്ദങ്ങളെ അവഗണിക്കാനാകും. ഈ വാദം പാർട്ടി വിശ്വസിച്ചില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ കെ.വി.തോമസിനു പ്രതിസന്ധിയില്ല. കെ.വി.തോമസ് പാർട്ടി വിടുന്ന സാഹചര്യമുണ്ടായാൽ കോൺഗ്രസിനും ആശങ്കപ്പെടേണ്ട അന്തരീക്ഷമില്ല.