പാലക്കാട് : പാലക്കാട് – തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവ്വീസ് നടത്തുക പന്നിയങ്കര ടോൾ വരെ മാത്രം. ടോൾ പ്ലാസ കടക്കാൻ ബസുകളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സ്വകാര്യ ബസുടമകൾ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്നലത്തെ പണിമുടക്കിന് ശേഷം സ്വകാര്യ ബസുടമകൾ നടത്തിയ യോഗത്തിലാണ് തീരുമാനമായത്. 50 ട്രിപ്പുകൾക്ക് പതിനായിരത്തി അഞ്ഞൂറ് രൂപ ടോൾ നൽകാനാവില്ലെന്ന നിലപാടിലാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. 12 ആം തീയതിക്കുള്ളിൽ ടോൾ നിരക്ക് കുറച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നാണ് ബസുടമകൾ പറയുന്നത്.
ബസുകൾ ട്രാക്കിൽ നിർത്തിയിട്ടും പിന്നീട് ആളുകളെ ഇറക്കി വിട്ടും സ്വകാര്യ ബസുകൾ ഇന്നലെ പ്രതിഷേധിച്ചിരുന്നു. പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് തുടങ്ങിയതിനെതിരെ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. 50 ട്രിപ്പുകൾക്ക് പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ടോൾ കടക്കാൻ സ്വകാര്യ ബസുകൾ നൽകേണ്ടി വരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബസുടമകളുടെ വാദം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്.
വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.