ദില്ലി : മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതില്‍ സുപ്രീംകോടതി വിധി ഇന്ന്. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തന സജ്ജമാകാന്‍ താമസമുള്ളതിനാൽ നിയമപ്രകാരമുള്ള അധികാരങ്ങള്‍ കോടതി മേൽനോട്ട സമിതിക്ക് കൈമാറിയേക്കും. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഓരോ സാങ്കേതിക വിദഗ്ധരെയും കൂടി അംഗങ്ങളാക്കി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതിലും തീരുമാനമുണ്ടായേക്കും. മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ കേരളം മുന്നോട്ടു വെച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. ജസ്റ്റിസ് എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജികളിൽ ഇന്ന് വിധി പറയുന്നത്.
ഡാം സുരക്ഷ അതോറിറ്റിയുടെ നിയമപ്രകാരമുള്ള അധികാരങ്ങള്‍ കൈമാറുന്നതിനെ അനുകൂലിച്ച കേരളം ചില ആവശ്യങ്ങളും സുപ്രീംകോടതിയില്‍ മുന്നോട്ട് വച്ചിരുന്നു. അതില്‍ പ്രധാനമായും നിലവിലുള്ള മേല്‍നോട്ട സമിതി അധ്യക്ഷനായ ചീഫ് എഞ്ചിനീയറെ മാറ്റി കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാനെയോ ഡിആന്‍റ്ആർ മെമ്പറെയോ സ്ഥാനത്ത് നിയമിക്കണമെന്നതായിരുന്നു. ദേശീയ സുരക്ഷ അതോറിറ്റി എപ്പോള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നതിന് കാലാവധി നിശ്ചയിക്കണമന്നതടക്കമുള്ള ആവശ്യങ്ങളും മുന്നോട്ട് വച്ചിരുന്നു. സംസ്ഥാനങ്ങളിലെ അംഗങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ പെട്ടവരും സമിതി അധ്യക്ഷന്‍ ജൂനിയറുമാണെന്നത് ചൂണ്ടിക്കാട്ടിയാണ് കേരളം മാറ്റം ആവശ്യപ്പെടുന്നത്. എന്നാല്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ സുപ്രീംകോടതി തള്ളി.
പുതിയ മേല്‍നോട്ട സമിതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഇപ്പോഴത്തെ മേല്‍നോട്ട സമിതിയില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ചെയർമാനെ മാറ്റാനാകില്ലെന്ന് കേന്ദ്രവും നിലപാട് എടുത്തു. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ അനുവദിക്കണമെന്ന് തമിഴ്നാട് ആവശ്യമുയർത്തി. നിയമത്തില്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ മേല്‍നോട്ട സമിതി അത് അനുവദിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പിൻവാതില്‍ നീക്കമാണെന്നതടക്കമുള്ള ആശങ്കയും തമിഴ്നാടും കോടതിയില്‍ പങ്കുവെച്ചു.
ഡാം സുരക്ഷ അതോറിറ്റി പ്രവർത്തന സജ്ജമാകാന്‍ സമയമെടുക്കുന്ന സാഹചര്യത്തില്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കിയുള്ള തീരുമാനം സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടാകാനാണ് സാധ്യത. ഒപ്പം കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഓരോ സാങ്കേതിക വിദഗ്ധരെയും കൂടി അംഗങ്ങളാക്കി മേല്‍നോട്ട സമിതി ശക്തിപ്പെടുത്താനും കോടതി ഉത്തരവിട്ടേക്കും.